തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ ശ്രീലങ്കയ്‌ക്ക് മുകളിൽ ചക്രവാതച്ചുഴിയും കേരളാതീരം വരെ ന്യൂനമർദ്ദപാത്തിയും രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ സമയത്ത് കൂടുതൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വയനാട് ജില്ലയിലെ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് മേപ്പാടി പഞ്ചായത്തിലെ പുത്തുമല മേഖലയിലുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. CRZ 3 കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളെ CRZ 2 കാറ്റഗറിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന് ആവശ്യമായ മുൻകരുതലുകൾ സംസ്ഥാനസർക്കാരെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.