ശ്രീനഗർ: സ്വാതന്ത്യ്രദിനത്തിന് മുന്നോടിയായി കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ സുപ്രധാന യോഗം ചേർന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ , ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്-ലെഫ്റ്റനൻ്റ് ജനറൽ പ്രതീക് ശർമ, സുരക്ഷാ സംബന്ധമായ ഏജൻസികളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡൽഹി സൗത്ത് ബ്ലോക്കിലാണ് യോഗം ചേർന്നത്.
അതേസമയം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം കനത്ത സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ ഓഗസ്റ്റ് 10 ന് അനന്ത്നാഗിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. അനന്ത്നാഗിലെ കോക്കർനാഗിലെ ജനറൽ ഏരിയയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായായിരുന്നു ഓപ്പറേഷൻ നടത്തിയത് . ഹവിൽദാർ ദീപക് കുമാർ യാദവ് , ലാൻസ് നായിക് പ്രവീൺ ശർമ്മ എന്നിവരാണ് വീരമൃത്യു വരിച്ചത്. വീരമൃത്യു വരിച്ചവർക്ക് ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ഇന്ത്യൻ ആർമിയിലെ എല്ലാ റാങ്കുകാരും ആദരാഞ്ജലികൾ അർപ്പിച്ചു.