ഷിരൂർ: ഗംഗാവലി പുഴയിൽ നാവികസേന നടത്തിയ തിരച്ചിലിൽ ലോഹപാളികൾ കണ്ടെത്തി. ട്രെക്കിന്റെ മൂന്ന് ലോഹക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലോഹപാളികൾ അർജുന്റെ ലോറിയുടേതാണോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കണ്ടെത്തിയ ലോഹപാളികളുടെ ചിത്രങ്ങൾ നാവികസേന പങ്കുവച്ചു.
ഇന്നലെ പുഴയിലിറങ്ങി ഈശ്വർ മാൽപെ നടത്തിയ തിരച്ചലിൽ അർജുന്റെ ലോറിയുടേതെന്ന് കരുതുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇത് അർജുന്റെ ലോറിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നത്തെ തിരച്ചിലിൽ ആദ്യത്തെ അഞ്ച് മണിക്കൂർ നിരാശയായിരുന്നു ഫലം. ഒടുവിലാണ് ലോറിയുടെ ലോഹപാളികൾ കണ്ടെത്തിയത്. നേവി കണ്ടെത്തിയ ലോഹപാളികൾ അർജുന്റെ ലോറിയുടേതല്ല, അപകടത്തിൽപ്പെട്ട മറ്റേതെങ്കിലും ടാങ്കറിന്റേതാകാമെന്നാണ് ലോറിയുടമ മനാഫിന്റെ പ്രതികരണം.
തിരച്ചിലിനെ ദുഷ്കരമാക്കുന്നത് പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും മരക്കഷ്ണങ്ങളുമാണെന്ന് നേരത്തെ കാർവാർ എംഎൽഎ അറിയിച്ചിരുന്നു.