ന്യൂഡൽഹി: പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മുൻ ക്യാപ്റ്റനും ഗോൾകീപ്പറുമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജേഴ്സി പിൻവലിക്കുന്നതായി ഹോക്കി ഇന്ത്യ അറിയിച്ചു.
സെക്രട്ടറി ജനറൽ ഭോലനാഥ് സിംഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ ടീമിലെ മുതിർന്ന അംഗങ്ങൾക്ക് ശ്രീജേഷിന്റെ 16-ാം നമ്പർ ജേഴ്സി നൽകില്ല. അദ്ദേഹത്തോടൊപ്പം അദ്ദേമണിഞ്ഞിരുന്ന ജേഴ്സിയും വിരമിക്കുകയാണെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ വ്യക്തമാക്കി. 20 വർഷത്തോളമാണ് ശ്രീജേഷ് 16-ാം നമ്പർ ജേഴ്സിയണിഞ്ഞത്.
തുടർച്ചയായ രണ്ട് ഒളിമ്പിക്സിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും ടീമിന് മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പി.ആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ദേശീയ ജൂനിയർ ടീം കോച്ചായി ശ്രീജേഷിനെ നിശ്ചയിച്ച കാര്യം ഹോക്കി ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ജൂനിയർ ടീമിൽ 16-ാം നമ്പർ ജേഴ്സി തുടരുകയും ചെയ്യും.
തന്റെ ഒടുവിലത്തെ മത്സരമാണിതെന്ന് പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് മുൻപേ പി.ആർ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. ആഗ്രഹം പോലെ തന്നെ മെഡൽ നേടി വിരമിക്കാൻ ശ്രീജേഷിന് കഴിഞ്ഞു. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ഹോക്കിയിൽ വെങ്കലം സ്വന്തമാക്കാൻ ശ്രീജേഷ് അടങ്ങുന്ന ടീമിന് കഴിഞ്ഞിരുന്നു.