ഷിരൂർ: ഗംഗാവലി പുഴയിൽ നിന്ന് ലോഹഭാഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെ ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തി നാവികസേന. കണ്ടെത്തിയ കയർ അർജുന്റെ വാഹനത്തിന്റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. അർജുൻ സഞ്ചരിച്ച ലോറിയിൽ തടി കെട്ടിവച്ച കയറാണ് നാവികസേന കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥലത്ത് വീണ്ടും പരിശോധന തുടരുകയാണ്. പുഴയിലെ രണ്ട് പ്രധാന സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് നേവിയുടെ പരിശോധന
നേവി നേരത്തെ കണ്ടെത്തിയ ലോഹപാളികൾ അർജുൻ ഓടിച്ച ലോറിയുടേതല്ലെന്ന് മനാഫ് സ്ഥിരീകരിച്ചിരുന്നു. ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മറ്റെതെങ്കിലും ടാങ്കറിന്റെ ലോഹക്കഷ്ണങ്ങളാകാം ഇതെന്നാണ് നിഗമനം. ലോഹപാളികൾ കണ്ടെത്തിയ സ്ഥലത്ത് ഊർജിതമായ തിരച്ചിൽ തുടരുകയാണ് നേവി. നാവികസേനയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ട്. ഗംഗാവലി പുഴയിൽ രണ്ടിടത്താണ് നേവിയുടെ പരിശോധന. ചൊവ്വാഴ്ച ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ജാക്കി തന്റെ ലോറിയുടേത് തന്നെയാണെന്ന് മനാഫും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് നേവിയും സ്ഥലത്ത് പരിശോധന ശക്തമാക്കിയത്.