ന്യൂഡൽഹി: ആഗോളതലത്തിലെ അനിശ്ചിതാവസ്ഥയ്‌ക്കിടയിലും ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന. ചരക്കുകളും സേവനങ്ങളും ചേർന്ന് ജൂലൈ മാസത്തിലെ ഇന്ത്യൻ കയറ്റുമതി 62.42 ബില്യൺ യുഎസ് ഡോളറിലെത്തി. വാർഷികാടിസ്ഥാനത്തിൽ 2.81 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 60.71 ബില്യൺ ഡോളറായിരുന്നു മൊത്തത്തിലുള്ള കയറ്റുമതി.
ഇന്ത്യൻ നിർമ്മാതാക്കളെ ആഗോള മാർക്കറ്റിന് പ്രാപ്തരാക്കാനും ഇറക്കുമതി കുറയ്‌ക്കുന്നതിനുമായി വിവിധ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക് ഇൻസെൻറീവ് (പിഎൽഐഎൽ) പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നു. ഇത് ലക്ഷ്യം കൈവരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ചരക്ക് കയറ്റുമതിയിൽ നേരിയ കുറവുണ്ടായെങ്കിലും സേവനത്തിൽ ഉയർച്ചയാണ് ഉണ്ടായത്. ചരക്ക് കയറ്റുമതി 34.49 ബില്യൺ ഡോളറിൽ നിന്ന് 33.98 ബില്യൺ ഡോളറായി കുറഞ്ഞെങ്കിലും, സേവനങ്ങളുടെ കയറ്റുമതി 26.22 ബില്യൺ ഡോളറിൽ നിന്ന് 28.43 ബില്യൺ ഡോളറായി ഉയർന്നു.
2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ (ഏപ്രിൽ-ജൂലൈ) ഇന്ത്യയുടെ മൊത്തം കയറ്റുമതി ഏകദേശം 260 ബില്യൺ യുഎസ് ഡോളറാണ്. ഈ സാമ്പത്തിക വർഷത്തിൽ 800 ബില്യൺ ഡോളർ എന്ന ലക്ഷ്യമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്.
ജൂലൈയിൽ രാജ്യത്തിന്റെ ഇറക്കുമതി വർദ്ധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ചരക്കുകളും സേവനങ്ങളും ചേർന്ന് മൊത്തത്തിലുള്ള ഇറക്കുമതി 72.03 ബില്യണായി ഉയർന്നു. എന്നാൽ മൊത്തത്തിലുള്ള വ്യാപാര കമ്മി സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയാൽ 2022-23 ലെ 121.6 ബില്യൺ നിന്ന് 2023-24 ൽ 75.6 ബില്യണായി കുറഞ്ഞു.















