ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഭാരതം മാറിയെന്നത് അഭിമാനകരമായ മുഹൂർത്തമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അവർ.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു. എല്ലാവർക്കും അഭിമാനകരമായ മുഹൂർത്തമാണിത്. കൂടാതെ വൈകാതെ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഭാരതം മാറും. കർഷകരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമവും സമ്പത്തുണ്ടാക്കാൻ പ്രയത്നിക്കുന്നവരുടെ കഠിനാധ്വാനവും നേതൃത്വത്തിന്റെ ദീർഘവീക്ഷണവുമാണ് അത് സാധ്യമാക്കുകയെന്നും രാഷ്‌ട്രപതി പറഞ്ഞു.
2021 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 8 ശതമാനമാണ് ശരാശരി വളർച്ചാ നിരക്ക്. ജനങ്ങളുടെ പക്കൽ കൂടുതൽ പണം എത്തിയെന്ന് മാത്രമല്ല, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ എണ്ണം ഗണ്യമായി കുറയ്‌ക്കാനും രാജ്യത്തിന് കഴിഞ്ഞു. G-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയെന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഭാരതം, ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറി. ലോകസമാധാനത്തിനും സമൃദ്ധിക്കും വേണ്ടി സ്വാധീനം ചെലുത്താൻ സാധിക്കുന്ന രാജ്യമെന്ന നിലയിലേക്ക് ഭാരതം ഉയർന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.