ന്യൂഡൽഹി: വിഭജന ഭീതി സ്മൃതി ദിനത്തിൽ ഭാരതം നേരിട്ട മനുഷ്യദുരന്തത്തെ അനുസ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. 78-ാമത് സ്വാതന്ത്ര്യ ദിനം നാളെ ആഘോഷിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്‌ട്രപതിയുടെ വാക്കുകൾ.
ഓഗസ്റ്റ് 14, വിഭജനത്തിന്റെ ഭീകരത അനുസ്മരിക്കുന്ന ദിനമാണ്. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ദശലക്ഷക്കണക്കിന് ജനങ്ങളാണ് കുടിയേറ്റത്തിനും പലായനത്തിനും നിർബന്ധിതരായത്. ലക്ഷക്കണക്കിന് പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. നമ്മുടെ രാഷ്‌ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിനം ആഘോഷിക്കുന്നതിന് തൊട്ടുമുൻപുള്ള ഈ ദിവസം, മനുഷ്യജീവനുകൾ ഹനിക്കപ്പെട്ട, സമാനതകളില്ലാത്ത ആ ദുരന്തത്തെ അനുസ്മരിക്കാനുള്ളതാണ്. അന്ന് ഇന്ത്യയുടെ വിഭജനം കാരണം ജീവനും ജീവിതവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണ് ചിന്തകളെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഭാരതീയ ന്യായ സംഹിത പ്രാബല്യത്തിൽ വരുത്തിയതിനെയും രാഷ്‌ട്രപതി പ്രശംസിച്ചു. ജൂലൈ മുതൽ രാജ്യത്ത് ഭാരതീയ ന്യായ സംഹിത നടപ്പിലാക്കിയതിലൂടെ, കൊളോണിയൽ കാലഘട്ടത്തിന്റെ മറ്റൊരു അവശേഷിപ്പ് കൂടിയാണ് ഭാരതം നീക്കം ചെയ്തത്. കേവലം ശിക്ഷാ നടപടിയിൽ മാത്രം ശ്രദ്ധയൂന്നുന്നതിന് പകരം ഇരകളായവർക്ക് നീതി ഉറപ്പാക്കണമെന്ന് ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ളതാണ് ഭാരതത്തിന്റെ പുതിയ നിയമാവലി. രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് രാജ്യം നൽകുന്ന ആദരവായാണ് ഇതിനെ കണക്കാക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു.















