കൊൽക്കത്ത; പശ്ചിമബംഗാളിലെ ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിപക്ഷം തനിക്കെതിരെ ബംഗ്ലാദേശ് കളിക്കുകയാണെന്ന് മമത ബാനർജി. സംഭവത്തിൽ ഇന്നും സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ തുടർന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
സംസ്ഥാനത്ത് ബംഗ്ലാദേശ് രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് തന്നിൽ നിന്ന് അധികാരം തട്ടിപ്പറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയും സിപിഎമ്മും സമാനമായ രീതിയിൽ സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയാണന്നാണ് മമതയുടെ നിലപാട്. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു മമതയുടെ വാക്കുകൾ.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മമതയ്‌ക്കെതിരെ ബംഗാളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ മമതയ്‌ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ബിജെപി ഇന്നും സംഭവത്തിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി ഒപി സേവനങ്ങൾ ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് സിബിഐ സംഘവും ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധരും ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ നിന്നുളള സിബിഐ സംഘമാണ് കേസ് അന്വേഷിക്കാൻ എത്തിയത്.
ഓഗസ്റ്റ് 9 നാണ് ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ട്രെയിനി വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടത്. പെൺകുട്ടി ക്രൂരമായി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ആർജി കാർ മെഡിക്കൽ കോളേജ് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യമെങ്ങും വിവിധ കേന്ദ്രങ്ങളിൽ പിജി ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും സംഭവത്തിൽ പ്രതിഷേധിച്ച് തെരുവിൽ സമരവുമായി ഇറങ്ങിയിരുന്നു.