ന്യൂഡൽഹി: രാജ്യം 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് കടന്നു. രാവിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. ദേശീയപതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും.
‘വികസിത ഭാരതം @ 2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047 ൽ രാജ്യത്തെ വികസിതഭാരതമാക്കുകയെന്ന സ്വപ്‌നത്തിന് 78 ാം സ്വാതന്ത്ര്യദിനാഘോഷം പുതുഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷമുളള ആദ്യ സ്വാതന്ത്ര്യദിനമെന്ന പ്രത്യേകതയും ഉണ്ട്.
ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 6,000 ത്തോളം പേരാണ് അതിഥികളായി എത്തുക. പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളിൽ പങ്കെടുക്കും. യുവാക്കൾ, ആദിവാസി സമൂഹം, കർഷകർ, വനിതാ പ്രതിനിധികൾ, സർക്കാർ സംരംഭങ്ങളുടെ സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ തുടങ്ങിയവരാണ് അതിഥികളായി എത്തുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളും അതിഥികളിൽ ഉൾപ്പെടും.
ചെങ്കോട്ടയിൽ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ജനറൽ ഓഫീസർ കമാൻഡിംഗ് ആയ ഡൽഹി ഏരിയ ലെഫ്. ജന. ഭവ്‌നിഷ് കുമാറിനെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. ലെഫ്. ജന. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ടിംഗ് ബേസിലേക്ക് കൊണ്ടുപോകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.
പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ വ്യോമസേന ധ്രുവ് ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തും. പഞ്ചാബ് റെജിമെന്റ് മിലിട്ടറി ബാൻഡിലെ ജൂണിയർ കമ്മീഷൻഡ് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് പതാക ഉയർത്തുന്ന സമയത്ത് ദേശീയഗാനം മുഴക്കുക. ലഫ്. സഞ്ജീത് സെയ്‌നിയായിരിക്കും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന സൈനിക ഉദ്യോഗസ്ഥൻ.















