ന്യൂഡൽഹി: 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഭാരതം. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.ശേഷം വ്യോമസേനാ ഹെലികോപ്റ്ററുകളിൽ പുഷ്പവൃഷ്ടി നടത്തി. രാവിലെ 7 മണിയോടെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി സഞ്ജയ് സേത്ത് തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രിയെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോയി. സംയുക്ത സേനാ വിഭാഗവും ഡൽഹി പൊലീസും ഗാർഡും ചേർന്ന് പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകുകയും ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.
കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തിൽ കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘവുമാണ് പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഇന്ത്യൻ നാവികസേനയാണ് ഈ വർഷത്തെ ഏകോപനം നിർവഹിച്ചത്.
‘വികസിത ഭാരതം-2047’ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്.
ഒളിമ്പിക് താരങ്ങൾ, യുവാക്കൾ, ഗോത്രസമൂഹം, കർഷകർ, സ്ത്രീകൾ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 6,000 അതിഥികൾ ചെങ്കോട്ടയിൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.