ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിയുന്നതിനായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ സ്മരണയ്‌ക്ക് മുന്നിൽ ആദരമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തമാണ് നമ്മൾ ഓരോരുത്തരുടെയും ശരീരത്തിലൂടെ ഒഴുകുന്നത്. ഇതിൽ നമുക്ക് അഭിമാനിക്കാം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം. കർഷകരും ജവാന്മാരും രാഷ്‌ട്രനിർമാണത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ്. അവരുടെ പ്രയത്‌നങ്ങൾക്കും ആദരം അർപ്പിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
#IndependenceDay2024 | PM Modi at Red Fort, says, “We are proud that we carry the blood of the 40 crore people who had uprooted the colonial rule from India…Today, we are 140 crore people, if we resolve and move together in one direction, then we can become ‘Viksit Bharat’ by… pic.twitter.com/b5njnZsYLM
— ANI (@ANI) August 15, 2024
സ്വാതന്ത്ര്യം സ്വപ്നം കണ്ട് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളോടുളള ആദരവാണ് ഈ ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. രാജ്യം ആദ്യമെന്ന ഒറ്റ പ്രതിജ്ഞയേ നമുക്ക് ഉളളൂ. രാജ്യത്തിന്റെ താൽപര്യമാണ് നമുക്ക് ഏറ്റവും പരമമായ കാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നമുക്ക് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാകും. വലിയ പരിഷ്‌കാരങ്ങളാണ് ഭാരതം നടപ്പാക്കിയത്. ആ പരിഷ്‌കാരങ്ങളുടെ പാത രാജ്യത്തെ ജനങ്ങളുടെ ജീവിതവും മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ 7 മണിക്ക് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. ഇതോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. വികസിത ഭാരതം-2047′ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്.















