ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിലും വളർച്ചയുടെ ഗതി നിർണ്ണയിക്കുന്നതിലും ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. മുൻപ് നമ്മുടെ ബഹിരാകാശ മേഖല ചങ്ങലകളാൽ ബന്ധിതമായിരുന്നുവെന്നും, എന്നാലിന്നത് സ്വതന്ത്രമായെന്നും അദ്ദേഹം വ്യക്തമാക്കി.
” മുൻപ് നമ്മുടെ ബഹിരാകാശ മേഖല ചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ ഞങ്ങൾ അതിന് മോചനം നൽകി. അവയ്‌ക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റി. യുവ സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങളാണ് ഇപ്പോൾ തുറന്ന് വന്നിരിക്കുന്നത്. സ്വകാര്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇന്ന് നമ്മൾ കാണുന്നുണ്ട്. ഏതൊരു കർമ്മത്തിന്റേയും ഉദ്ദേശം ശരിയാണെങ്കിൽ നമുക്ക് ആഗ്രഹിച്ച ഫലം ലഭിക്കും.
പ്രതിരോധ, ബഹിരാകാശ മേഖലയിലടക്കം ഇന്ന് വനിതകളുടെ ശക്തമായ സാന്നിധ്യവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നിർണായക ചുവടുകൾ എടുത്തിട്ടുണ്ട്. രാജ്യത്തെ യുവാക്കൾ ഒരു കാര്യത്തിലും പതിയെ പോകാൻ ആഗ്രഹിക്കുന്നവരല്ല. ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. നമ്മൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയപ്പോൾ അത് വികസനത്തിന്റെ ബ്ലൂപ്രിന്റ് ആയി മാറി.
ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് നടന്നാൽ വികസിത ഇന്ത്യ എന്ന് ലക്ഷ്യം അതിവേഗം കൈവരിക്കാൻ കഴിയും. ഈ യാത്രയിൽ വെല്ലുവിളികൾ ഉണ്ടായേക്കാം. എന്നാൽ ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുന്നവർക്ക് ഏതൊരു പ്രതിസന്ധിയേയും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിയുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.















