ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയിൽ ഭാരതം അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. സമ്പദ് വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന ഭാരതം ഇന്ന് അഞ്ചാം സ്ഥാനത്താണ്. ഇതിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് 2025 ഓടെ ഭാരതത്തെ ഉയർത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” ലോകം ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ അതിവേഗം വളരുകയാണ്. 2047 ഓടെ വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിക്കും. ഇതിനായി രാജ്യത്തെ വ്യത്യസ്ത കോണുകളിലുള്ള ജനങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ അഭിപ്രായം തേടിയിരുന്നു. ചിലർ നൈപുണ്യത്തിലധിഷ്ഠിതമായ വികസനമായിരിക്കണം ലക്ഷ്യമെന്നും മറ്റ് ചിലർ ആത്മനിർഭര ഭാരതമാകണം ലക്ഷ്യമെന്നും പറഞ്ഞു. ഒരുപാട് അഭിപ്രായങ്ങൾ ഞങ്ങളെ തേടിയെത്തിയിരുന്നു. ഇതിലെല്ലാം രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് പ്രതിഫലിച്ചത്. വികസിത ഭാരതമെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പോരാടാം.”- പ്രധാനമന്ത്രി പറഞ്ഞു.
#IndependenceDay2024 | From the ramparts of Red Fort, PM Modi says, “For Viksit Bharat 2047, we invited suggestions from the countrymen. The many suggestions we received reflect the dreams and aspirations of our citizens. Some people suggested making India the skill capital, some… pic.twitter.com/vR8aG79uVw
— ANI (@ANI) August 15, 2024
‘ രാജ്യം ഒന്നാമത്’ എന്നതാണ് നമ്മുടെ മുദ്രാവാക്യം. എല്ലാവരെയും ഒപ്പം ചേർത്തുപിടിച്ചു കൊണ്ടുള്ള വികസിത ഭാരതമെന്നതാണ് ലക്ഷ്യം. ഉത്പാദന മേഖലയുടെ ഹബ്ബായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. ഭാരതത്തിന്റെ സുവർണ കാലഘട്ടത്തിലൂടെയാണ് യുവാക്കളടക്കമുള്ള ഭാരതീയർ കടന്നു പോകുന്നതെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷത്തെ ഭാരതത്തിന്റെ മുന്നേറ്റം യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ബഹിരാകാശ രംഗത്തും മെഡിക്കൽ രംഗത്തും ഇന്ത്യ കൈവരിച്ച പുരോഗതിയേറെയാണ്. ബഹിരാകാശ മേഖലയിൽ സ്റ്റാർട്ടപ്പുകൾ വർദ്ധിച്ചു വരുന്നുണ്ട്.
ഇന്ന് ഭാരതം ചന്ദ്രന്റെ നെറുകയിലാണ്. ഇത് ലോകം ഉറ്റുനോക്കുന്നു. കൊറോണ മഹാമാരിയുടെ കാലം ആരും മറക്കാനിടയില്ല. വിദേശ രാജ്യങ്ങളിലേക്ക് പോലും ഇന്ത്യയിൽ നിന്നും മരുന്നുകൾ കയറ്റി അയച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ചു വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വികസനങ്ങൾ ചിലർക്ക് ദഹിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ പരിഷ്‌കാരങ്ങൾ പ്രതിബദ്ധതയാണ്. പലരും അതിനെ പബ്ലിസിറ്റിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരം ആളുകൾ നിരാശരായി കഴിയേണ്ടി വരും. വികൃത മനസുകൾക്ക് വികസനത്തിന്റെ അർത്ഥം മനസിലാവില്ലെന്നും പിന്തിരിപ്പൻ ചിന്താഗതിയുള്ളവരെ ജനങ്ങൾ അകറ്റി നിർത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















