തിരുവനന്തപുരം: നമ്മുടെ അതേ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പല ആവർത്തി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
78 വർഷമായി ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചു നിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ജനാധിപത്യം വെല്ലുവിളികൾ നേരിട്ട ഘട്ടങ്ങളിൽ അതിനെ സംരക്ഷിക്കാൻ ഇന്ത്യൻ ജനതയൊന്നാകെ ജാഗരൂകരായി നിലകൊണ്ടിട്ടുണ്ട്. അതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെസംഭവങ്ങളുടെ ഉൾപ്പെടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പാകിസ്താനിലും രാഷ്‌ട്രീയ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.
സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി, പാർപ്പിടം, കൃഷി, ഉത്പാദനം, വ്യവസായം, സേവനം, സമ്പദ് ഘടന തുടങ്ങിയ പല മേഖലകളിലും 1947 ൽ ഉണ്ടായിരുന്നതിനെക്കാൾ വളരെ മികച്ച നിലയിലാണ് ഇന്ത്യ ഇന്നുളളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐടികളുടെയും സ്റ്റാർട്ടപ്പുകളുടെയും ഹബ്ബാണ് ഇന്ന് ഇന്ത്യ. ശാസ്ത്ര സാങ്കേതിക വിദ്യയിലും ബഹിരാകാശ രംഗങ്ങളിലുമടക്കം അഭിമാനകരമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ശാസ്ത്രാവബോധത്തിൽ കോട്ടം വരുന്ന സ്ഥിതി കാണാതെ പോകരുത്. ശാസ്്ത്രാവബോധത്തിലെ പിന്നോട്ടുപോക്ക് വിഘടന, വിഭാഗീയ പ്രവർത്തനങ്ങൾക്ക് വളം വയ്‌ക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദു:ഖത്തിന്റെ അന്തരീക്ഷത്തിലാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളം മാത്രമല്ല, ഇന്ത്യ മുഴുവൻ ആ ദു:ഖത്തിലാഴ്ന്നിരിക്കുകയാണ്. എന്നാൽ വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ പൊതുവായ അതിജീവനത്തിനായുളള കൂട്ടായ പ്രവർത്തനത്തിന് ഊർജ്ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.
സ്വാതന്ത്ര്യലബ്ദിയുടെ എട്ട് ദശാബ്ദത്തിലേക്ക് എത്തുന്ന ഈ ഘട്ടം ഒരു തിരിഞ്ഞുനോട്ടത്തിന്റേതാകണം. സ്വതന്ത്ര ഇന്ത്യയ്‌ക്കായുളള പോരാട്ടഘട്ടത്തിൽ എന്തൊക്കെ ആയിരുന്നു നമ്മുടെ സ്വപ്‌നങ്ങൾ, അവയിൽ എന്തൊക്കെ സാക്ഷാത്കരിക്കാൻ നമുക്ക് കഴിഞ്ഞു, ഇനിയും നേടിയെടുക്കാൻ എന്തൊക്കെയാണ് ബാക്കിയുളളത് എന്നിങ്ങനെയുളള ചോദ്യങ്ങളാണ് ബാക്കിയാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ത്യാഗധനരായ ധീര ദേശാഭിമാനികളെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജീവൻ വെടിഞ്ഞവരുടെയും സ്മരണകൾക്ക് മുന്നിൽ അഭിവാദ്യമർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനപ്പുറം അവരുടെ സ്വപ്‌നങ്ങൾ എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. സാമ്രാജ്യാധിപത്യത്തിനും രാജഭരണത്തിനും പകരം ജനാധിപത്യഭരണസംവിധാനം നിലവിൽ വരുത്തുക എന്നതാണ് ഏറ്റവും പ്രധാന സ്വപ്നം. അത് യാഥാർത്ഥ്യമാക്കത്തക്ക വിധത്തിലാണ് വ്യത്യസ്ത ചിന്താധാരകൾ ഉൾപ്പെടുത്തിയിട്ടുളള നമ്മുടെ ഭരണഘടനയിൽ ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി വിശേഷിപ്പിച്ചതതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.