നാഗ്പൂർ: ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും, ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട കടമ നമുക്കാണുള്ളതെന്ന് സർസംഘചാലക് പറഞ്ഞു.
ഇത് നമ്മുടെ 78-ാം സ്വാതന്ത്ര്യദിനമാണ്. ഒട്ടനവധി പേർ ജീവൻ ബലിയർപ്പിച്ചതുകൊണ്ട് രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യമാണിത്. അവർ ചെയ്ത ത്യാഗങ്ങൾക്കൊപ്പം നിലകൊണ്ട സമൂഹമായിരുന്നു ഈ രാജ്യത്തിന് രൂപം നൽകിയത്. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും ആ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് വരും തലമുറകളുടെ കടയമാണെന്നും ഡോ. മോഹൻ ഭാഗവത് പറഞ്ഞു.
ബംഗ്ലാദേശിലെ അസ്ഥിരതയും ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങളും അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ അയൽരാജ്യം അനവധി അസ്വസ്ഥതകളിലൂടെയാണ് കടന്നുപോകുന്നത്. അവിടെയുള്ള ഹൈന്ദവ സഹോദരങ്ങൾ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷയനുഭവിക്കുകയാണ്.
സ്വയം സംരക്ഷിക്കാനും സ്വതന്ത്രമായി നിലകൊള്ളാനുമുള്ള ഉത്തരവാദിത്തം മാത്രമല്ല, ലോകത്തിന് വേണ്ടി പ്രവർത്തിക്കുകയെന്നതും ഭാരതത്തിന്റെ പാരമ്പര്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രയാസപ്പെടുന്ന രാജ്യങ്ങളെ പരമാവധി സഹായിക്കാൻ ഭാരതം ശ്രമിച്ചിട്ടുള്ളതെന്നും നമുക്ക് കാണാൻ സാധിക്കുമെന്ന് ഡോ. മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.