78ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ബിസിനസ്സ് ലോകത്തിന് വലിയ പങ്കുണ്ട്. ദീർഘവിക്ഷണമുള്ള ക്രാന്തദർശികളായ വ്യവസായികൾ സ്വതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച സംരംഭങ്ങൾ ഇന്നും ലോകത്തിന്റെ നെറുകയിൽ തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്വാതന്ത്ര്യത്തിന് മുമ്പ് ഏകദേശം 70 ബൃഹത് കമ്പനികളാണ് രാജ്യത്തുണ്ടായത്. ഇവയിൽ ചിലത് പ്രവർത്തം അവസാനിപ്പിച്ചെങ്കിലും സ്വാതന്ത്ര്യം ലഭിച്ച് 7 പതിറ്റാണ്ടിലേറെയായിട്ടും, ഇന്ത്യൻ ബിസിനസ്സ് ലോകത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന നിരവധി കമ്പനികളുണ്ട്.
ടാറ്റ ഗ്രൂപ്പ് (ആരംഭം: വർഷം 1868) ചെയർമാൻ: രത്തൻ ടാറ്റ
സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ച സംരംഭങ്ങളിൽ മുൻപന്തിയിലാണ് ടാറ്റയുടെ സ്ഥാനം. ഉപ്പ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്ന ടാറ്റയുടെ ആരംഭം 1868 ലാണ്. ഇന്ന്, ഐടി മേഖലയിലയിലെ ടിസിഎസിൽ തുടങ്ങി ജാഗ്വാർ, ലാൻഡ് റോവർ ബ്രാൻഡുകളും ടാറ്റയുടെ കൈകളിലാണ്. 1903-ൽ ജംഷെഡ്ജി ടാറ്റയാണ് ഇന്ത്യൻ ഹോട്ടൽ കമ്പനി സ്ഥാപിച്ചത്. മുംബൈയിലെ താജ്മഹൽ പാലസ് രാജ്യത്തിന്റെ തന്നെ ഐഡ അഭിമാനമായി മാറിയിരിക്കുന്നു.
ബ്രിട്ടാനിയ (ആരംഭം: വർഷം 1892) ചെയർമാൻ: നുസ്ലി വാഡിയ,
ഫുഡ് സെക്ടറിലെ എറ്റവും വലിയ കമ്പനിയായ ബ്രിട്ടാനിയ 1892-ലാണ് ആരംഭിച്ചത്. ഇന്നും ബിസ്‌ക്കറ്റുകളുടെയും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളുടെയും ആധിപത്യം ബ്രിട്ടാനിയയ്‌ക്ക് സ്വന്തമാണ്. കൊൽക്കത്തയിലെ വാഡിയ കുടുംബമാണ് കമ്പനി സ്ഥാപിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ചെറിയ കടയായി ആരംഭിച്ച ബിസിനസ്സ് അതിവേഗം വളർന്നു. 2022ൽ 370 കോടി ഡോളറാണ് കമ്പനിയുടെ ആസ്തി.
ഗോദ്‌റെജ് (ആരംഭം: 1897) ചെയർമാൻ: നാദിർ ഗോദ്‌റെജ്
1897-ൽ അർദേശി ഗോദ്‌റെജും അദ്ദേഹത്തിന്റെ സഹോദരൻ പിരോജ്‌ഷ ഗോദ്‌റെജും ചേർന്ന് കമ്പനി സ്ഥാപിച്ചത്. 1911-ൽ ഡൽഹി സന്ദർശിച്ചപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ജോർജ്ജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഗോദ്‌റെജിന്റെ സേഫുകൾ തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ട്. ഇന്ന് ഇലട്രോണിക്സ് ഉത്പന്നങ്ങൾ മുതൽ അലമാരകൾ വരെ ഗോദ്റേജ് നിർമിക്കുന്നു.
ബിർള ഗ്രൂപ്പ് (ആരംഭം: വർഷം 1890) ചെയർമാൻ: കുമാർ മംഗലം ബിർള
ഘനശ്യാം ദാസ് ബിർളയുടെ മുത്തച്ഛൻ ശിവ് നാരായൺ ബിർള പണം കടം കൊടുക്കുന്നിനായി ഒരു കോട്ടൺ ബിസിനസ്സ് ആരംഭിച്ചിരുന്നു. 1890-ൽ അദ്ദേഹം ചണം നിർമ്മാണ കമ്പനി സ്ഥാപിച്ചു. ഇന്ന് ബിർള കോർപ്പറേഷൻ ലിമിറ്റഡ്, എംപി ബിർള ഗ്രൂപ്പ് ഓഫ് കമ്പനി എന്നിവ ലോകത്തിലെ മുൻനിര സ്ഥാനങ്ങളിൽ ഒന്നാണ്. ഇന്ന് ലോകത്തിലെ 36 രാജ്യങ്ങളിൽ ബിസിനസ്സ് വ്യാപിച്ച് കിടക്കുന്നു. 140,000 പേരാണ് ബിർള ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.
റെയ്മണ്ട് ലിമിറ്റഡ് (ആരംഭം: വർഷം 1925) ചെയർമാൻ: ഗൗതം ഹരി സിംഘാനിയ
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ആരംഭിച്ച കമ്പനികളിൽ റെയ്മണ്ട് ലിമിറ്റഡും ഉൾപ്പെടുന്നു. 1925-ൽ മഹാരാഷ്‌ട്രയിലെ താനെയിൽ ഒരു കമ്പിളി മില്ലായാണ് ഇത് സ്ഥാപിതമായത്. 1958 ൽ മുംബൈയിൽ ആദ്യത്തെ എക്സ്ക്ലൂസീവ് റെയ്മണ്ട് റീട്ടെയിൽ ഷോറൂം ആരംഭിച്ചു. ഗ്രൂപ്പിന്റെ ഭാഗമായ കിർലോസ്‌കർ എന്ന കമ്പനി 1888-ലാണ് ആരംഭിച്ചത്.
ഡാബർ (ആരംഭം: 1884)
ആയുർവേദ മരുന്നുകൾ വിൽക്കുന്നതിനായി 1884-ലാണ് ഡോ. ആനന്ദ് ബർമാൻ കമ്പനി ആരംഭിച്ചത്. 1910 ന് ശേഷം ബിസിനസ്സ് അതിവേഗം വളരാൻ തുടങ്ങി. ആരോഗ്യമേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയായ സിപ്ലയും 1935-ൽ കെ.എ.ഹമീദ് എന്ന ഡോക്ടറാണ് സ്ഥാപിച്ചത്. ഈ കമ്പനിയുടെ ബിസിനസ്സ് 100 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.
ടിവിഎസ് (ആരംഭം: വർഷം 1911) ചെയർമാൻ: വേണു ശ്രീനിവാസൻ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാണ കമ്പനികളിലൊന്നാണ് ടിവിഎസ് മോട്ടോർസ്. കുതിരവണ്ടികളുടെയും ബഗ്ഗികളുടെയും കാലഘട്ടത്ത് 1911 ൽ ടിവി സുന്ദരം അയ്യങ്കാർ ആണ് കമ്പനി സ്ഥാപിച്ചത്. ചെന്നൈയിലാണ് കമ്പനിയുടെ ആസ്ഥാനം. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും ടിവിഎസ് മോട്ടോഴ്‌സ് ശക്തമായി വാഹന നിർമാണ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളുന്നു.















