ഭുവനേശ്വർ: സ്ത്രീ ജീവനക്കാർക്ക് ഒഡിഷ സർക്കാരിന്റ സ്വതന്ത്ര്യദിന സമ്മാനം.സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കായി ആർത്തവ അവധി പ്രഖ്യാപിച്ചു. കട്ടക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നയപ്രകാരം വനിതാ ജീവനക്കാർക്ക് അവരുടെ ആർത്തവചക്രത്തിന്റെ ആദ്യ ദിവസമോ രണ്ടാം ദിവസമോ അവധി എടുക്കാം. സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനമെന്ന് പ്രവതി പരിദ വ്യക്തമാക്കി .
സ്ത്രീ ജീവനക്കാർക്കായി ആർത്തവ അവധി സംബന്ധിച്ച് ഒരു മാതൃകാ നയം രൂപീകരിക്കണമെന്ന് അടുത്തിടെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ചില സർവ്വകലാശാലകളിൽ അവധി നിലവിലുണ്ട്. സൊമാറ്റോ പോലുള്ള ഇന്ത്യയിലെ ചില സ്വകാര്യ കമ്പനികൾ 2020 മുതൽ പ്രതിവർഷം 10 ദിവസത്തെ പെയ്ഡ് പിരീഡ് ലീവ് വാഗ്ദാനം ചെയ്യുന്നുണ്ട്.