ബെംഗളൂരു: ബാങ്കിൽ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്‌ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകൾ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലിൽ ചാടിയായിരുന്നു ജീവനൊടുക്കിയത്. 43-കാരനായ ശ്രീനിവാസ്, 36-കാരിയായ ശ്വേത, 13-കാരിയായ മകൾ എന്നിവരാണ് കനാലിൽ ചാടിയതെന്ന് പൊലീസ് അറിയിച്ചു.
ക്യാബ് ഡ്രൈവറായിരുന്നു ശ്രീനിവാസ്. സ്കൂൾ അദ്ധ്യാപികയായിരുന്നു ഭാര്യ ശ്വേത. കുടുംബത്തെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓഗസ്റ്റ് 11നാണ് മൂവരും വീട് വിട്ടിറങ്ങിയത്.
തിരച്ചിലിനിടെ ശ്രീനിവാസിന്റെയും ശ്വേതയുടേയും മൃതദേഹം ഓഗസ്റ്റ് 13ന് കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മകളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കനാലിലേക്ക് ചാടാൻ കഴിയുന്ന ആത്മഹത്യാ മുനമ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറിയായിരുന്നു രണ്ട് മൃതദേഹങ്ങൾ കിടന്നിരുന്നത്. പെൺകുട്ടിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















