പാകിസ്താനിൽ കോംഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ ഒരു 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമായതിനാൽ ഐസിയുവിലേക്ക് മാറ്റി. കടുത്ത പനിയും വയറിളക്കവും തുടങ്ങിയ ലക്ഷണങ്ങൾ ഇയാൾക്കുണ്ടായിരുന്നു. ആഗസ്റ്റ് ആദ്യ രണ്ടാഴ്ചയിൽ മാത്രം അഞ്ചു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മാത്രം 14 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടണ്ട്.
കറാച്ചിയിൽ റിപ്പോർട്ട് ചെയ്ത നാലുകേസുകളിൽ മൂന്നുപേരും മരിച്ചുവെന്ന് സിന്ധ് ഹെൽത്ത് സിറ്റി ഹോസ്പിറ്റൽ വ്യക്തമാക്കി. ബലൂചിസ്ഥാനിലും നാലു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂണിലും വ്യാപകമായി പടർന്നിരുന്നു.മേയിൽ പാകിസ്താനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോംഗോ വൈറസ് വ്യാപനം സംബന്ധിച്ച ജാഗ്രതാനിർദേശം നൽകിയിരുന്നു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന കടുത്ത പനി, വയറു വേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഏറിയ പങ്കിലും ഇത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കും. പിന്നീട് മസ്തിഷ്ക മരണവും സംഭവിക്കാം.
മൃഗങ്ങളുടെ ശരീരത്തിലുള്ള ഒരുതരം ചെള്ളുകൾ വഴിയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. നൈറോവൈറസ് (Nairo virus) കുടുംബത്തിൽപ്പെട്ട ബുനിയവൈരിടായ് വൈറസ് (Bunyaviridae virus) ആണ് കോംഗോ പനിക്ക് കാരണമാവുന്നത്. ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ (സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്.