ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്‌ക്കായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
“അസമിൽ സെമികണ്ടക്ടർ വ്യവസായ പദ്ധതിക്ക് ടാറ്റാ ഗ്രൂപ്പ് തുടക്കമിട്ടിരിക്കുകയാണ്. ഇതുവഴി വൻതോതിലുള്ള നിക്ഷേപമാണ് അസമിലേക്ക് എത്തുക. നീണ്ട വർഷങ്ങൾക്ക് ശേഷം പുരോഗതിയുടെ പാതയിലാണ് അസം. അതുകൊണ്ട് ULFA-I മേധാവി പരേഷ് ബറുവയോട് അഭ്യർത്ഥിക്കുകയാണ്. അസമിലെ നിക്ഷേപ സാധ്യതകളെ തല്ലിക്കെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളോ സാഹചര്യങ്ങളോ ദയവായി ഉണ്ടാക്കരുത്.
അസമിൽ ഏകദേശം 14 ലക്ഷത്തോളം യുവാക്കൾ തൊഴിൽ ചെയ്യാൻ സജ്ജരായി നിലവിലുണ്ട്. ഇവിടെ വ്യവസായങ്ങൾ ഉടലെടുത്തില്ലെങ്കിൽ നമ്മുടെ യുവാക്കൾക്ക് കർണാടകയിലും ആന്ധ്രാപ്രദേശിലും സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്യേണ്ടി വരും. നമ്മുടെ യുവാക്കൾ അസം വിട്ടുപോയാൽ ആരാണ് അസമിന് വികസനം കൊണ്ടുവരിക? ആരാണ് അസമിനെ ‘സ്വതന്ത്രമാക്കുക’? അസമിലേക്ക് നിക്ഷേപവുമായി വരുന്ന ഇതര സംസ്ഥാനങ്ങളിലെ നിക്ഷേപകരെ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തിന് നാം സാക്ഷിയാകേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നു.” – അസം മുഖ്യമന്ത്രി വ്യക്തമാക്കി.
നിരോധിത ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I) സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നതായും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താനുള്ള പദ്ധതി പിൻവലിച്ചുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി പക്വതയാർന്ന മറുപടി നൽകിയത്.















