തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡ്രൈവ് ഫോർ യൂണിറ്റി എന്ന പേരിൽ ഫ്രീഡം ഡ്രൈവ് സംഘടിപ്പിച്ച് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്ബ്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നിന്ന് ആരംഭിച്ച ഡ്രൈവ് നഗരംചുറ്റി ശംഖുമുഖത്ത് അവസാനിച്ചു.
ഫോർച്ച്യൂണർ, ഥാർ തുടങ്ങിയ വാഹനങ്ങൾ തലസ്ഥാന നിരത്തിലൂടെ ദേശീയ പതാകയേന്തി നിരനിരയായി നീങ്ങിയത് കാണികൾക്കിടയിലും കൗതുകവും ആവേശവുമായി. 120 ലേറെ ഓഫ് റോഡ് വാഹനങ്ങളാണ് റാലിയിൽ അണിനിരന്നത്. വട്ടിയൂർകാവ് എംഎൽഎ വികെ പ്രശാന്താണ് ഡ്രൈവ് ഫ്‌ലാഗ് ഓഫ് ചെയ്തത്.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ഓഫ് റോഡ് വാഹനങ്ങൾ വലിയ സഹായമായിരുന്നു. ചെളിയും മണ്ണും നിറഞ്ഞ പാതകളിലൂടെ രക്ഷാപ്രവർത്തകരെ ദുരന്തമേഖലയിൽ എത്തിക്കാൻ ഈ വാഹനങ്ങളായിരുന്നു പ്രയോജനപ്പെടുത്തിയത്. ദുഷ്‌കരമായ സഹാചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന വാഹനങ്ങളുടെ ശേഷി പൊതുസമൂഹത്തെ അറിയിക്കുകകൂടിയായിരുന്നു ഫ്രീഡം ഡ്രൈവിന്റെ ലക്ഷ്യം.
വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചുകൊണ്ടുളള കാമ്പയിൻ കൂടിയായിരുന്നു യാത്ര.