ധാക്ക: സംവരണ ക്വാട്ടയുടെ പേരിൽ ആഴ്ചകളോളം നടന്ന പ്രതിഷേധങ്ങളിലും സംഘർഷങ്ങളും ഷെയ്ഖ് ഹസീന സർക്കാരിന്റെ രാജിക്ക് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ യുഎൻ വസ്തുതാന്വേഷണ സംഘം ബംഗ്ലാദേശിലേക്ക്. അക്രമങ്ങളിൽ സംഭവിച്ച മരണങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാകും സംഘം പ്രധാനമായും പരിശോധിക്കുക.
രാജ്യത്ത് നടക്കുന്ന വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് സംഘമെത്തുന്നതെന്ന് യുഎൻ അധികൃതർ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായി ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുന്നതിനിടെയാണ് യുഎൻ സംഘം എത്തുന്നത്.
1971 ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇതാദ്യമായാണ് യുഎൻ ബംഗ്ലാദേശിലേക്ക് വസ്തുതാന്വേഷണ സംഘത്തെ അയയ്‌ക്കുന്നത്. രാജ്യത്തെ ക്രമസമാധാന നില അത്രയേറെ വഷളായി എന്നതിന്റെ സൂചനയാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലെത്തിയതിന് പിന്നാലെ ഓഗസ്റ്റ് 8 ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല ഗവൺമെന്റ് അധികാരമേറ്റിരുന്നു.
The United Nations is sending a UN fact finding team next week to probe atrocities committed during the Student Revolution in July and early this month.
UN human rights chief Volker Turk announced the move when he called Chief Adviser Professor Muhammad Yunus late Wednesday.
— Chief Adviser of the Government of Bangladesh (@ChiefAdviserGoB) August 15, 2024
യുഎൻ സംഘത്തിന്റെ വരവ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് എക്‌സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായും സർക്കാർ വ്യക്തമാക്കി. ജൂലൈ പകുതി മുതൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ 500ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ബംഗ്ലാദേശിലെ അന്തരാഷ്‌ട്ര ക്രൈം ട്രൈബ്യൂണലിന്റെ അന്വേഷണ ഏജൻസിക്ക് ഷെയ്ഖ് ഹസീനയ്‌ക്കും മറ്റ് 8 പേർക്കുമെതിരെ വംശഹത്യയും മനുഷ്യാവകാശ ലംഘനങ്ങളുമാരോപിച്ച് പരാതി ലഭിച്ചു.