ബെംഗളൂരു: ഉത്തര കന്നടയിലെ ഷിരൂരിന് സമീപം കാർവാറിൽ പുഴയിൽ വീണ ലോറി കരയ്‌ക്ക് എത്തിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും. കാർവാറിലേത് പോലെ ഷിരൂർ ദൗത്യവും വിജയകരമാകുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
കഴിഞ്ഞ 7-ാം തീയതി അർദ്ധരാത്രിയാണ് കാർവാറിലെ കാളി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണത്. 40 വർഷം പഴക്കമുള്ള പാലമായിരുന്നു തകർന്നത്. പാലം തകർന്നതോടെ ഇതുവഴി പോയ ലോറി നദിയിൽ വീഴുകയായിരുന്നു. ലോറിയിലെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ബാലമുരുകനെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.
തുടർന്ന് ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10 മണി മുതൽ ലോറിക്കായി തെരച്ചിൽ ആരംഭിച്ചിരുന്നു. അഞ്ചംഗ സംഘം പുഴയിൽ മുങ്ങിത്തപ്പി ലോറി കണ്ടെത്തുകയും പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഇത് കരയ്‌ക്കെത്തിക്കുകയുമായിരുന്നു.
നദിയിലെ ചെളിയിൽ പുതഞ്ഞ ലോറി, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കരയ്‌ക്കെത്തിച്ചത്. ദൗത്യം വിജയിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് പോലെ അർജുന്റെ ലോറിയുടെ സ്ഥാനം കൃത്യമായി മനസിലാക്കാൻ സാധിച്ചാൽ വാഹനം കരയ്‌ക്കെത്തിക്കാൻ സാധിക്കുമെന്നും മാൽപെ പറഞ്ഞു.















