ന്യൂയോർക്ക്: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം 23ന് അമേരിക്ക സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം വളരെ വിലമതിക്കുന്നതാണെന്നും, രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിന് വലിയ പ്രാധാന്യം നൽകുന്നതായും പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിംഗ് അറിയിച്ചു. ” ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്തോ-പസഫിക് മേഖലയിലുൾപ്പെടെ ഇതിന് കൃത്യമായ പ്രാധാന്യമുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, രാജ്‌നാഥ് സിംഗിനെ സ്വീകരിക്കുമെന്നും” ഇവർ അറിയിച്ചു.
എന്നാൽ രാജ്‌നാഥ് സിംഗിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഇവർ പുറത്ത് വിട്ടിട്ടില്ല. കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ശക്തമായ സൈനിക ബന്ധമാണെന്ന കാര്യവും സബ്രീന സിംഗ് കൂട്ടിച്ചേർത്തു.
” ഇന്തോ-പസഫിക് മേഖലയിലേക്കുള്ള യാത്രയ്‌ക്കിടെ പ്രതിരോധ സെക്രട്ടറി അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്തോ-പസഫിക് വിഷയത്തിലും, പ്രതിരോധ രംഗത്തിലുമെല്ലാം ഇന്ത്യ യുഎസിന്റെ നിർണായക പങ്കാളിയാണ്. ഇന്തോ-പസഫിക് മേഖലയിലുള്ള പല വെല്ലുവിളികളേയും തരണം ചെയ്തുകൊണ്ട് തന്നെ ഇന്ത്യ ശക്തമായ പങ്കാളിയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സൈനിക തലത്തിലും ശക്തമായ ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ളതെന്നും” സബ്രീന സിംഗ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിംഗ് അമേരിക്ക സന്ദർശിക്കുന്നത്.