ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നാളെ 24 മണിക്കൂർ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎംഎ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സേവനം നൽകുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകി.
പ്രതിഷേധത്തിന്റെ ഭാഗമായി ഒപികൾ പ്രവർത്തിക്കില്ലെന്നും ശസ്ത്രക്രിയകൾ നടത്തില്ലെന്നും മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിതവിഭാഗം മാത്രം പ്രവർത്തിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്യുമെന്നും മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.
ആശുപത്രികളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം, ആശുപത്രി ജീവനക്കാർക്കെതിരായുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളായ സാറാ അലിഖാൻ, ആലിയ ഭട്ട് തുടങ്ങിയവരും രംഗത്തെത്തി. ഇരയ്‌ക്ക് നീതി കിട്ടണമെന്ന് താരങ്ങൾ പറഞ്ഞു. പുറത്ത് നിന്നെത്തിയ സംഘം തെളിവ് നശിപ്പിക്കുന്നതിനായി ആർജി കാർ മെഡിക്കൽ കോളേജ് തകർത്തതിനെതിരെ ബംഗാളിൽ ഇന്ന് പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തു.
അതേസമയം ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടി ആവശ്യപ്പെട്ട് കേരളത്തിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തെ പിജി റസിഡന്റ് ഡോക്ടർമാരും, അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികളും സമരത്തിൽ പങ്കുചേരും. ഒപിയും വാർഡ് ഡ്യൂട്ടിയും പൂർണമായും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്നും ഒഴിവാക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.















