ന്യൂയോർക്ക്: കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, വിജയം നേടണമെന്നും താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു. ജൂലൈ അവസാനം നെതന്യാഹു യുഎസ് സന്ദർശിച്ച വേളയിൽ നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.
” നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ അഭിപ്രായപ്പെട്ടു. ഇത് വേഗത്തിൽ അവസാനിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ വിജയം നേടണമെന്നും ഞാൻ പറഞ്ഞു. ഇത് അവസാനിക്കണം, കൊലപാതകങ്ങൾ നടക്കുന്നതും അവസാനിക്കണം. പോരാട്ടം തുടങ്ങിയത് മുതൽ കമല ഹാരിസ് ഇസ്രായേലിനെ പിന്നിൽ നിന്ന് വലിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇപ്പോഴും അത് തന്നെ ആവശ്യപ്പെടുന്നു.
ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണം പോലെ മറ്റൊന്ന് കൂടി അവർക്കെതിരെ സംഭവിക്കാൻ മാത്രമേ ഇത് കാരണമാവുകയുള്ളു. ഇസ്രായേൽ ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഞാൻ നൽകും. അവർ എത്രയും വേഗം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നവർ ഹമാസിന്റെ ഗുണ്ടാസംഘങ്ങളും, ജിഹാദികളുമാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും” ട്രംപ് പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിനെ കുറിച്ച് ട്രംപും നെതന്യാഹുവും സംസാരിച്ചതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ട്രംപും നെതന്യാഹുവിന്റെ ഓഫീസും നിഷേധിച്ചിട്ടുണ്ട്. ബൈഡൻ പല ഘട്ടങ്ങളിലായി വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ശ്രമങ്ങൾ നടത്തിയെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. ജോ ബൈഡന്റേയും കമല ഹാരിസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ട്രംപ് വിമർശനം ഉയർത്തുന്നു.















