ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. വാജ്‌പേയിയുടെ ഡൽഹിയിലെ സദൈവ് അടൽ സ്മൃതി കുടീരത്തിലെത്തിയാണ് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തത്. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും വാജ്‌പേയിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.
അടൽ ബിഹാരി വാജ്‌പേയിയുടെ മകൾ നമിത കൗൾ ഭട്ടാചാര്യ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു. ഓരോ ഭാരതീയനും പ്രചോദനമേകുന്ന കാഴ്ചപ്പാടുകളാണ് അടൽ ബിഹാരി വാജ്‌പേയിയുടേത്. അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ബിജെപി എക്‌സിൽ കുറിച്ചു.
” പ്രധാനമന്ത്രിയായിരുന്ന കാലത്ത് രാജ്യത്തെ സാമ്പത്തികമായും തന്ത്രപരമായും ശക്തിപ്പെടുത്തുന്നതിൽ അടൽ ബിഹാരി വാജ്‌പേയിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കറ പുരളാത്ത ഭരണം, ദേശത്തോടുള്ള സ്‌നേഹവും ബഹുമാനവും വിശ്വാസവും ഇതെല്ലാം സംസാരിക്കുമ്പോൾ വാജ്‌പേയിയെ ഓർക്കാതെ പോകാൻ നമുക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ആശയങ്ങളും തത്വങ്ങളും രാജ്യത്തിന് ശക്തി പകരുന്നു. ഭാരതത്തെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തിയ നേതാവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.”- അമിത് ഷാ കുറിച്ചു.















