ന്യൂഡൽഹി: 70-ാമത് ദേശീയ ചലച്ചിത്രം പുരസ്കാര പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് രാജ്യം. ഇക്കുറി പരിഗണിച്ചിരിക്കുന്നത് 2022ലെ ചിത്രങ്ങളാണ്. ഉച്ചയ്‌ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും റിഷഭ് ഷെട്ടിയും (കാന്താര) തമ്മിലാണ് മത്സരമെന്നാണ് റിപ്പോർട്ട്.
മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി കാന്താരയും പട്ടികയിലുണ്ട്. 12TH ഫെയിൽ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിന് വിക്രാന്ത് മാസ്സേയ് എന്ന ബോളിവുഡ് താരവും മികച്ച നടനുള്ള പരിഗണനയിലുണ്ടെന്നാണ് സൂചന. നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം പ്രതീക്ഷിക്കുന്നത്.
69-ാമത് ദേശീയ പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് തെന്നിന്ത്യൻ താരം അല്ലു അർജുനെയായിരുന്നു. ‘പുഷ്പ’യിലെ പ്രകടനമാണ് താരത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. ’ഗംഗുഭായ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയാ ഭട്ടും ‘മിമി’ എന്ന സിനിമയിലെ അഭിനയത്തിന് കൃതി സനോനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.















