വേനൽ കഴിഞ്ഞെത്തിയ ഒരു മഴക്കാലത്താണ് 14കാരി ഷാമിലയും 13കാരി ആമിനയും വിവാഹിതരാകുന്നത്. ഇരു സഹോദരിമാരെയും വിവാഹം ചെയ്തതാകട്ടെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകളും. പാകിസ്താനിൽ ഇത്തരത്തിൽ മൺസൂൺ വധുക്കളെ ധാരാളമായി കാണാമെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് മൺസൂൺ വധുക്കൾ? മഴയും പാകിസ്താനിലെ ശൈശവ വിവാഹങ്ങൾ വർദ്ധിക്കുന്നതും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അറിയാം..
18 വയസിന് മുൻപ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ കണക്കെടുത്ത് നോക്കിയാൽ ലോകത്ത് ആറാം സ്ഥാനത്താണ് പാകിസ്താൻ. പാകിസ്താനിലെ ശൈശവ വിവാഹങ്ങളുടെ നിരക്ക് 2021 വരെ അൽപം കുറഞ്ഞിരുന്നുവെങ്കിലും 2022ലെ പ്രളയത്തിന് ശേഷം ശൈശവ വിവാഹങ്ങളുടെ നിരക്കിൽ വൻ വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ധാരാളം കൃഷിയിടങ്ങൾ നശിക്കുകയും മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പാവപ്പെട്ടവർക്ക് വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുകയും ചെയ്തു. ഇവിടെ നിന്നാണ് ‘ മൺസൂൺ വധുക്കൾ’ എന്ന ട്രെൻഡ് ഉടലെടുക്കാൻ തുടങ്ങിയത്.
പ്രളയത്തിന് ശേഷം വരുന്ന ബാധ്യതകൾ തീർക്കുന്നതിനായി മാതാപിതാക്കൾ പെൺമക്കളെ അവരെക്കാൾ ഇരട്ടി പ്രായമുള്ള ആളുകൾക്ക് വിവാഹം ചെയ്ത് നൽകുന്നു. പകരമായി മാതാപിതാക്കൾക്ക് അവരുടെ കടങ്ങളും ബാധ്യതകളും തീർക്കുന്നതിനായി വരൻ ധനസഹായം നൽകും. പാകിസ്താനിലെ കുടുംബങ്ങൾ അതിജീവനത്തിനുള്ള ഏത് മാർഗവും കണ്ടെത്തും. പണത്തിന് പകരമായി അവരുടെ പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കുകയെന്നതാണ് അവർക്ക് മുന്നിലുള്ള ആദ്യ മാർഗമെന്ന് എൻജിഒ ഉദ്യോഗസ്ഥർ പറയുന്നു.
പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പാവങ്ങളെ ചൂഷണം ചെയ്യാൻ ഇത്തരത്തിൽ നിരവധി ആളുകൾ എത്താറുണ്ട്. പണത്തിന് പകരമായി അവർ കുടുംബങ്ങളിലെ 18 വയസിന് താഴെയുള്ള പെൺകുട്ടികളെയും ചോദിക്കും. ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയെന്ന ഉദ്ദേശത്തോടെ മറ്റ് മാർഗങ്ങളില്ലാതെയാണ് പലരും തങ്ങളുടെ 13, 14 വയസുള്ള പെൺകുട്ടികളെ 40, 50 വയസുള്ള ആളുകൾക്ക് വിവാഹം ചെയ്ത് നൽകുന്നതെന്നാണ് സുജാഗ് സൻസാർ എന്ന എൻജിഒ സ്ഥാപകൻ പറയുന്നത്.
ലിപ്സ്റ്റിക് കിട്ടുമെന്ന് വിചാരിച്ചാണ് നജ്മ അലി എന്ന 14കാരി വിവാഹത്തിന് സമ്മതിച്ചത്. 2,50,000 രൂപയാണ് വരൻ നജ്മ അലിയുടെ മാതാപിതാക്കൾക്ക് നൽകിയത്. എന്നാൽ അത് കടമെടുത്ത പണമായിരുന്നു. ഇന്ന് അവൾ ഒരു കുട്ടിയുടെ അമ്മയാണ്. ഭർത്താവിന് ജോലി നഷ്ടമായതോടെ അവളുടെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോഴും അവൾ താമസിക്കുന്നതെന്നും ഉദ്യേഗസ്ഥർ പറഞ്ഞു.















