അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കുന്നു. ഡിസംബറിൽ പർവതപ്രദേശമായ വടക്കൻ നഗരം സംജിയോൺ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ഉത്തര കൊറിയ അനുവദിക്കുമെന്നാണ് സൂചന . ചൈന ആസ്ഥാനമായുള്ള ടൂർ ഓപ്പറേറ്റർമാരാണ് ഇക്കാര്യം പുറത്ത് വിട്ടത്.
2020 ന്റെ തുടക്കത്തിൽ കൊറോണ ആരംഭിച്ചതോടെയാണ് ഉത്തര കൊറിയ വിനോദ സഞ്ചാരമേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് . കഴിഞ്ഞ വർഷത്തിന്റെ മധ്യത്തിൽ മാത്രമാണ് നിയന്ത്രണങ്ങൾ കുറയ്‌ക്കാൻ തുടങ്ങിയത്.
“ഇതുവരെ സാംജിയോണിനെ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ, എന്നാൽ പ്യോങ്‌യാങ്ങും മറ്റ് സ്ഥലങ്ങളും തുറക്കുമെന്ന് ഞങ്ങൾ കരുതുന്നു“ ഷെൻയാങ്ങിന്റെ കെടിജി ടൂർസ് അധികൃതർ പറഞ്ഞു .ഡിസംബറിൽ വിനോദസഞ്ചാരികൾക്ക് ഉത്തരകൊറിയയുടെ മറ്റ് ഭാഗങ്ങൾ സന്ദർശിക്കാൻ കഴിയുമെന്ന് ബീജിംഗിലെ കോറിയോ ടൂർ അധികൃതർ പറഞ്ഞു.
ദക്ഷിണ കൊറിയ ഒഴികെയുള്ള ഏത് രാജ്യത്തുനിന്നും വിനോദസഞ്ചാരികളെ ഉത്തരകൊറിയൻ അധികൃതർ അനുവദിക്കുന്നുവെന്ന് കോറിയോ ടൂർസ് പറഞ്ഞു. എന്നാൽ, തങ്ങളുടെ പൗരന്മാർക്ക് ഉത്തരകൊറിയയിലേക്കുള്ള യാത്ര അമേരിക്ക വിലക്കിയിട്ടുണ്ട്.
ചൈന-ഉത്തര കൊറിയ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന ഉത്തരകൊറിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പെക്‌ടുവിന്റെ ചുവട്ടിലാണ് സാംജിയോൺ സ്ഥിതി ചെയ്യുന്നത്.ഉത്തരകൊറിയയുടെ സ്ഥാപകൻ കിം ഇൽ സുങ് ജാപ്പനീസ് അധിനിവേശ സേനയുമായി യുദ്ധം ചെയ്തതും വിപ്ലവം ആരംഭിച്ചതും ഈ പർവതത്തിലാണെന്നാണ് പ്യോങ്‌യാങ്ങിന്റെ പ്രചാരണം. നിലവിലെ പ്രസിഡൻ്റ് കിം ജോങ് ഉന്നിന്റെ മുത്തച്ഛനാണ് അദ്ദേഹം.















