ന്യൂഡൽഹി: ഡ്യൂട്ടിക്കിടയിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾക്ക് തടയിടാൻ കേന്ദ്രസർക്കാർ. ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടായാൽ ആറ് മണിക്കൂറിനുളളിൽ സ്ഥാപന മേധാവികൾ ഇൻസ്റ്റിറ്റിയൂഷണൽ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളജിൽ വനിതാ ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. ഈ സംഭവത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും വീഴ്ച സംഭവിച്ചതായി ആദ്യം മുതൽ തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അക്രമിക്കപ്പെടുന്ന സംഭവങ്ങൾ സാധാരണമായി മാറിക്കഴിഞ്ഞുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരം നടപടിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഡ്യൂട്ടിക്കിടയിൽ ഇത്തരം ശാരീരിക അക്രമങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. ആരോഗ്യപ്രവർത്തകരെ ഇല്ലാതാക്കുമെന്ന തരത്തിൽ വാക്കുകൾ കൊണ്ടുളള ഭീഷണികളും പതിവാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.