ഇസ്ലാമാബാദ്: പാകിസ്താനിൽ എംപോക്സ് വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ രോഗം പടർന്നുപിടിച്ചതിന് പിന്നാലെ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാകിസ്താനിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
യുഎഇയിൽ നിന്നെത്തിയവർക്കാണ് എംപോക്സ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മങ്കിപോക്സ് വൈറസിന്റെ ഏതുവകഭേദമാണ് സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഖൈബർ പഖ്തൂങ്ക്വയിലാണ് നിലവിൽ രോഗിയുള്ളത്.
നേരത്തെയും പാകിസ്താനിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022ൽ ലോകത്താദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ശേഷം 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടകം 99,176 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 208 പേരും മരിച്ചു. നിലവിൽ കോംഗോയിലും അയൽരാജ്യങ്ങളിലുമാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. എംപോക്സ് പുതിയതായി റിപ്പോർട്ട് ചെയ്തവ രാജ്യങ്ങളിൽ സ്വീഡനും ഉൾപ്പെടുന്നു. പനി, തലവേദന, പേശീവേദന, നടുവേദന, ശരീരത്തിൽ കുരുക്കൾ എന്നിവയാണ് എംപോക്സിന്റെ പ്രധാന രോഗലക്ഷണം.