ന്യൂഡൽഹി: ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന വ്യക്തി തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുവെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശങ്ങളെ സൂചിപ്പിച്ചാണ് ഉപരാഷ്‌ട്രപതിയുടെ വിമർശനം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സുപ്രീംകോടതി ഇടപെടണമെന്ന് ആയിരുന്നു രാഹുലിന്റെ വാക്കുകൾ. എന്നാൽ ഇതിന് പിന്നാലെ ഓഹരി വിപണിയിൽ രാഹുലിന്റെ പേരിലുളള നിക്ഷേപങ്ങൾക്കുണ്ടായ ലാഭവിഹിതത്തിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.
വിപണി നിയന്ത്രകരായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിന് അദാനിയുടെ ഷെൽ കമ്പനികളിൽ പങ്കാളിത്തമുണ്ടെന്നും ഈ കമ്പനികളാണ് വിദേശത്ത് നിന്നും അദാനിയുടെ കമ്പനയിലേക്ക് നിക്ഷേപം നടത്തുന്നതെന്നുമായിരുന്നു ഹിൻഡൻബർഗ് പുറത്തുവിട്ടത്. റിപ്പോർട്ട് സെബി മേധാവിയും അദാനി ഗ്രൂപ്പും തള്ളിയിരുന്നു. ഇവർക്കെതിരെ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് വന്നതെന്നും സെബി ചെയർമാൻ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശീയ നിയമ സർവകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് ഉപരാഷ്‌ട്രപതി രാഹുലിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്. “ഭരണഘടനാപരമായ ഒരു സ്ഥാനം വഹിക്കുന്നയാൾ കഴിഞ്ഞയാഴ്ച ഒരു പൊതുമാധ്യമത്തിന് നൽകിയ പ്രസ്താവന എന്നെ വളരെയധികം ആശങ്കാകുലനാക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാനുള്ള ഒരു പ്രചാരണത്തിനെ പിന്തുണയ്‌ക്കുന്ന വിധം വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നാണ് അയാൾ ആവശ്യപ്പെട്ടത്,” ജഗദീപ് ധൻകർ പറഞ്ഞു.
രാഷ്‌ട്രത്തേക്കാൾ വലുതായി പക്ഷപാതവും സ്വാർത്ഥതാൽപ്പര്യവും നിലനിർത്തുന്ന ശക്തികളെ യുവാക്കൾ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തെ പരമോന്നത കോടതി ഇത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചുനോക്കുവാൻ ഉപരാഷ്‌ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.















