കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമതാ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ സി വി ആനന്ദബോസ്. സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് ബംഗാളിൽ നടന്നതെന്നും ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യ സമയത്ത് തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്നിന് പുറകെ ഒന്നായി ക്രൂരമായ കൊലപാതകവും ബലാത്സംഗവും നടക്കുന്നുണ്ട്. ഇതൊരു വിനോദമായി മാറിയിരിക്കുകയാണ്. വെറുതെ അപലപിച്ചു എന്ന് പറഞ്ഞത് കൊണ്ട് കാര്യമായില്ല. ശക്തമായ നടപടികൾ സ്വീകരിക്കുക തന്നെ വേണം.
പരിഹാരം കണ്ടെത്തേണ്ടവർ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ഭ്രാന്ത് വന്നാൽ ചങ്ങലയ്ക്ക് ഇടാം. ചങ്ങലയ്‌ക്ക് തന്നെ ഭ്രാന്ത് വന്നാൽ എന്താണ് ചെയ്യുക. ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സർക്കാരിന്റെ അനുവാദത്തോട് കൂടിയല്ലാതെ ഇത്രയും നീചമായ സംഭവങ്ങൾ ആവർത്തിക്കില്ല. ബംഗാളിൽ മാത്രമുള്ള ദുരവസ്ഥയാണിത്.
ജനാധിപത്യം തകർന്നിരിക്കുന്നു. ഇത്തരം സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്വം മമതാ സർക്കാരിന് മാത്രമാണ്. സ്ത്രീകൾക്ക് നേരെയുള്ള കരുതികൂട്ടി നടക്കുന്ന ആക്രമണങ്ങളാണിത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ഭരണഘടനാപരമായി നടപടി കൈക്കൊള്ളുമെന്നും ഗവർണർ പറഞ്ഞു.















