…ആർ.കെ രമേഷ്…
മാളികപ്പുറം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചത് ദേവനന്ദയായിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയും കൗണ്ടറുകളിലൂടെയും ആരാധക ഹൃദയം കീഴടക്കാൻ തുളസി പിപിയുടെ പീയൂഷ് ഉണ്ണിക്ക് സാധിച്ചിരുന്നു. ചെറു ചലനങ്ങളും എന്തിനേറെ കണ്ണാടി താഴ്‌ത്തിയുള്ള നോട്ടങ്ങൾ പോലും ശ്രീപദ് യാനിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഒഴുക്കുള്ള പ്രകടനമെന്ന് ആരാധകർ ഒരുപോലെ പറഞ്ഞപ്പോൾ തിയേറ്ററുകളിൽ അത് പലപ്പോഴും ചിരിപടർത്തി.
ടിക്ക് ടോക്ക് എന്ന മാദ്ധ്യമത്തിലൂടെയാണ് ശ്രീപദിന്റെ സിനിമയിലേക്കുള്ള വരവ്. ത തവളയുടെ ത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിച്ചു. ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായ കുമാരിയിലെ ചൊക്കനായി എത്തിയ രണ്ടാം വരവിൽ ശ്രീപദ് ഞെട്ടിച്ചു. കൈയടക്കത്തോടെ ചൊക്കനെന്ന കുട്ടിച്ചാത്തനെ അവതരിപ്പിച്ച ശ്രീപദിനെ കഥാപാത്രം കൂടുതൽ ആളുകളിലെത്തിച്ചു.
പിന്നീട് വന്ന മാളികപ്പുറത്തിൽ ഇതിന് നേർവിപരീതമായ കഥാപാത്രമാണ് ശ്രീപദിന് ലഭിച്ചത്. പീയൂഷിന് സമാനമായി കൗണ്ടറുകളിൽ നല്ല ടൈമിംഗുള്ള അഭിനേതാവ് ശ്രീപദ് എന്നാണ് കൂടെ അഭിനയിച്ചവരുടെ അഭിപ്രായങ്ങൾ. മാളികപ്പുറത്തിൽ അഭിനയിക്കുമ്പോൾ രമേഷ് പിഷാരടിക്കൊപ്പം ഉരുളക്കയ്‌ക്ക് ഉപ്പേരി പോലെ കൗണ്ടറടിച്ച് നിൽക്കാൻ കൊച്ചുമിടുക്കന് സാധിച്ചെന്നും സഹപ്രവർത്തകർ പറയുന്നു. ദിലീപ് ചിത്രം പവി കെയർ ടേക്കറിൽ അപ്പു എന്ന കഥാപാത്രമായും താരമെത്തിയിരുന്നു. സുരേഷ് ഗോപിയുടെ വരാഹത്തിലും ശ്രീപദ് അഭിനയിക്കുന്നുണ്ട്.
ലൈബ്രററി മാനേജരായ പിതാവ് ചൈനീസ് സാഹിത്യകാരൻ മോ യാനിന്റെ കടുത്ത ആരാധകനാണ്. ഈ ഇഷ്ടമാണ് ശ്രീപദിനൊപ്പം യാനും കൂടിചേർന്നത്. സിനിമയിൽ ഹാസ്യം ചെയ്ത് ഫലിപ്പിക്കാൻ ഏറെ പ്രയാസകരമെന്നാണ് ഇതിഹാസ താരങ്ങൾ പോലും പറയുന്നത്. അതേ കോമഡി ചെയ്യുന്നവർക്ക് മറ്റേത് കഥാപാത്രമാകാനും അനായാസമായി സാധിക്കുമെന്നും അടിവരയിടുന്നു. അതേ പാതയിലേക്ക് തന്നെയാണ് പീയൂഷ് എന്ന ശ്രീപദ് യാനിന്റെയും പോക്ക്..ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന കൊച്ചുകലാകാരന് അഭിനയ വഴിയിൽ ഇനിയുമുണ്ട് ഏറെ ദൂരം താണ്ടാൻ. പുരസ്കാരം അതിനൊരു വഴികാട്ടിയുമാകും.