ചിത്രംവര ഉപജീവനമാർഗമാക്കിയ ജെസ്ന സലീമിനെ ചുവടുപിടിച്ച് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി പുറത്തുവന്നിരുന്നത്. ജെസ്നയുടെ കുടുംബം, ഭർത്താവ്, സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളുയർന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ കത്തിപ്പടർന്ന ചർച്ചകൾക്ക് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ജെസ്ന സലീം.
“നിലവിൽ ഒരു കല്യാണമേ ഞാൻ കഴിച്ചിട്ടുള്ളൂ. പക്ഷെ, സമൂഹം എന്നെ രണ്ട് വിവാഹം കഴിപ്പിച്ചു. ഞാൻ യഥാർത്ഥത്തിൽ വിവാഹം ചെയ്തയാളുടെ പേര് സലീം എന്നാണ്. ആൾ ദുബായിൽ ജോലി ചെയ്യുകയാണ്. ഞാൻ ആത്മഹത്യക്ക് ശ്രമിച്ച സമയത്ത് 15 ദിവസത്തോളം അദ്ദേഹം നാട്ടിലുണ്ടായിരുന്നു. അരുൺ എന്ന് പറയുന്നത് എന്റെ സഹോദരനാണ്, കസിൻ ബ്രദറാണ്. അരുണിനോടൊപ്പമുള്ള വീഡിയോയാണ് എല്ലാവരും കാണുന്നത്. സലീമിനെ മനപൂർവം പുറത്തുകാണിക്കാത്തതാണ്. എന്റെ മക്കളെയോ സലീമിനെയോ ഞാൻ പുറത്തുവിടില്ലെന്നത് എന്റെ തീരുമാനമാണ്. നമ്മുടെ സമൂഹത്തിന് ഒരു തെറ്റദ്ധാരണയുണ്ട്. ഭർത്താവിന്റെയോ കുഞ്ഞുങ്ങളുടെയോ ഫോട്ടോ പുറത്തുവിടുന്നില്ലെങ്കിൽ അവൾക്ക് ഭർത്താവില്ലെന്നാണ് കരുതുക. അതുമല്ലെങ്കിൽ ഭർത്താവുമായി പ്രശ്നമുണ്ടെന്ന് സമൂഹം വിധിയെഴുതും.
അരുൺ എന്റെ അനിയനാണ്. അരുണിന്റെ ഫാദർ മുസ്ലീമും മദർ ഹിന്ദുവുമാണ്. അവന് അമ്മയുടെ മതം ഇഷ്ടപ്പെട്ടു. അതിനാൽ അത് സ്വീകരിച്ചു. അരുണാണ് എല്ലാതിനും എന്റെ കൂടെ വരുന്നത്. അതോടെ അരുണിനെ സമൂഹം എന്റെ ഭർത്താവാക്കി. ഒടുവിൽ സലീമാണ് എന്റെ ഭർത്താവെന്ന് തെളിയിക്കാൻ എനിക്ക് ഐഡി കാർഡ് കാണിക്കേണ്ടി വന്നു. എന്റെ ഐഡി കാർഡിൽ W/O അബ്ദുൾ സലീം എന്ന് തന്നെയാണുള്ളത്. എന്റെ ഭർത്താവ് അരുണാണെങ്കിൽ സലീം എന്ന് എങ്ങനെ ഐഡി കാർഡിൽ വരും. എനിക്ക് ഭർത്താവുണ്ട് എന്നുള്ളതും അത് സലീമാണെന്നുള്ളതും എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും അറിയാം, അതുമതിയെനിക്ക്. ” ജെസ്ന സലീം പറഞ്ഞു.















