ന്യൂഡൽഹി: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS -8 വിജയം കണ്ടതിൽ ഐ എസ് ആർ ഒ യെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
” എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചതിന് ഐഎസ്ആർഒയ്‌ക്ക് അഭിനന്ദനങ്ങൾ. ഇത് പരിസ്ഥിതി നിരീക്ഷണവും ദുരന്തനിവാരണവും സുഗമമാക്കുകയും അതിലൂടെ ഭൂമിയുടെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യും ,” അമിത്ഷാ എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും അദ്ദേഹം ഉയർത്തിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മാനവികതയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്
ഇന്ന് രാവിലെ 9.17 ന് ആണ് ഐഎസ്ആർഒ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-8 വിക്ഷേപിച്ചത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു.ഒരു വർഷം പ്രവർത്തന കാലാവധിയുള്ള ഇഒഎസ് 08, മൈക്രോസാറ്റ്/ഐഎംഎസ്-1 ബസിൽ നിർമ്മിച്ച മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വഹിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം, റിഫ്‌ളെക്ടോമെട്രി പേലോഡ് എന്നിവയാണത്.















