കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ ബിജെപി വിവാദം സൃഷ്ടിക്കുകയാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സ്‌മൃതി ഇറാനി. മമത സംഭവത്തിൽ രാഷ്‌ട്രീയം കലർത്തി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണെന്ന് സ്‌മൃതി ആരോപിച്ചു.
രാജ്യത്തെ നടുക്കിയ ക്രൂരമായ പീഡനത്തിനിരയായാണ് പെൺകുട്ടി മരിച്ചത്. അവിടെ എന്റെ… നിന്റെ എന്നുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കൂ. ഗുണ്ടകളുടെ ഒരു സൈന്യം ഉണ്ടെന്ന് പൊലീസിന് അറിയാത്ത ഏത് നഗരമാണിത്? അക്രമിസംഘത്തിന് പൊലീസ് നോക്കിനിൽക്കെ ആശുപത്രി നശിപ്പിക്കാനും തെളിവുകൾ ഇല്ലാതാക്കാനും കഴിയുന്നു. ഇതെങ്ങനെ സാധ്യമാകും? ബിജെപി നേതാവ് ചോദിച്ചു.
ഇത്രയും ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും ആ പെൺകുട്ടിയുടെ നിലവിളി ആരും കേട്ടില്ലന്നത് ദുരൂഹമാണ്. യുവതിയുടെ ശരീരത്തിൽ നിന്നും 150 മില്ലിഗ്രാം ബീജം കണ്ടെത്തിയതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത് കൂട്ടബലാത്സംഗം നടന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രൂരകൃത്യം നടത്തിയ ശേഷവും ആശുപത്രിയിൽ നിന്ന് കുറ്റവാളിയെ വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചത് ആരാണെന്ന് സ്‌മൃതി ചോദിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പറയാൻ പൊലീസ് ഉദ്യോഗസ്ഥനോട് ആരാണ് പറഞ്ഞതെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്നും സ്‌മൃതി ഇറാനി ബംഗാൾ സർക്കാരിനോട് ചോദിച്ചു.