ന്യൂഡൽഹി: മൗറീഷ്യസ് സ്പീക്കർ ഡുവൽ അഡ്രിയൻ ചാൾസുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ സ്പീക്കർ ഓം ബിർള. ഡുവലിന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ശക്തിയുടെയും അതുല്യതയുടെയും തെളിവാണെന്ന് ഓം ബിർള വിശേഷിപ്പിച്ചു.
ഇന്റർ പാർലമെന്ററി യൂണിയൻ (ഐപിയു) പോലുള്ള അന്താരാഷ്‌ട്ര പാർലമെന്ററി ഫോറങ്ങളിൽ ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം ഡുവലിന്റെ നേതൃത്വത്തിൽ തുടർന്നും വിപുലീകരിപ്പെടുമെന്നും സ്പീക്കർ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ വിദേശസന്ദർശനം ഇന്ത്യയിലേക്കായിരുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ഡുവൽ അറിയിച്ചു.
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിന്റെ വിജയത്തെ പരാമർശിച്ച ഓം ബിർള, ഭരണഘടനയാണ് രാജ്യത്തിന്റെ ശക്തിയും ആത്മാവുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ട് ആത്മീയത, ഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി സമാനതകളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌ന്റെ
കീഴിൽ വീടുകളിൽ ദേശീയപതാക ഉയർത്തിയതായി സ്പീക്കർ പറഞ്ഞു. വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിനായുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ സമർപ്പണത്തിന്റെ പ്രതിഫലനമാണ് ഈ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യയെ മൗറീഷ്യസിലെ ജനങ്ങൾക്കും പാർലമെന്റിനും വേണ്ടി ഡുവൽ അഭിനന്ദനങ്ങൾ അറിയിച്ചു.















