ന്യൂഡൽഹി: കൊൽക്കത്തയിൽ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ. സുപ്രീംകോടതിയിലെ രണ്ട് അഭിഭാഷകരാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിന് കത്തയച്ചത്. നീതിയുടെ അന്തിമ രക്ഷയ്‌ക്കായി ജുഡീഷ്യറിയിലാണ് രാജ്യം ഉറ്റുനോക്കുന്നതെന്ന് അഭിഭാഷകരായ ഉജ്ജ്വൽ ഗൗർ, രോഹിത് പാണ്ഡെ എന്നിവർ കത്തുകളിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും രാജ്യവ്യാപക പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെട്ടുളള അഭിഭാഷകരുടെ കത്ത്. സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന അടിയന്തര സ്വഭാവവും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തെ പരമോന്നത നീതിപീഠം വിഷയത്തിൽ ഇടപെടേണ്ട സമയമാണിതെന്ന് കത്തിൽ പറയുന്നു.
നീതിക്കായുളള നിലവിളികൾ ക്രൂരമായി അടിച്ചമർത്തി നിശബ്ദമാക്കപ്പെടുമ്പോൾ അവരുടെ അഭയകേന്ദ്രമാണ് നീതിപീഠങ്ങൾ. ഈ കേസിൽ ഇരയാക്കപ്പെട്ടത് മറ്റുളളവർക്ക് വേണ്ടി സേവനം ചെയ്യേണ്ട ഒരു യുവ ഡോക്ടറുടെ ജീവിതമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നിയമസംവിധാനങ്ങൾക്ക് നൽകാൻ കഴിയുന്ന സകല നീതിയും പൂർണതോതിൽ അവർ അർഹിക്കുന്നുണ്ട്. അവരുടെ മരണം വൃഥാവിലാകരുത്. അത് നമുക്ക് ഉണർന്ന് പ്രവർത്തിക്കാൻ പ്രചോദനമാകണമെന്നും കത്തിൽ പറയുന്നു.
നിലവിൽ കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയ കൊൽക്കത്ത ഹൈക്കോടതി മമത സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെ അക്രമമുണ്ടായ സംഭവത്തിലും ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. സർക്കാർ പൂർണ പരാജയമാണെന്ന് ആയിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇതിന് പിന്നാലെ സുപ്രീംകോടതിയിൽ കൂടി വിഷയം എത്തിയാൽ മമത സർക്കാരിനെ അത് കൂടുതൽ പ്രതിരോധത്തിലാക്കും.
ആർജി കാർ ആശുപത്രിയിൽ ട്രെയിനി വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ടിട്ടും ആദ്യം പ്രതികളെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലാണ് മമത സർക്കാരിനെതിരായ ജനരോഷം ഇരട്ടിയാക്കിയത്. സർക്കാരിന്റെ പല നടപടികളും ആരോഗ്യപ്രവർത്തകരും കോടതിയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.















