ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപങ്ങൾക്കിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ. സാഹചര്യങ്ങളെ സുരക്ഷാ സേന ശരിയായ രീതിയിലല്ല നേരിട്ടതെന്നും, ആക്രമണം രൂക്ഷമാകാൻ സൈന്യത്തിന്റെ ഇടപെടലുകൾ വഴിവച്ചിട്ടുണ്ടെന്നും യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് ആരോപിച്ചു.
” സുരക്ഷാ ഉദ്യോഗസ്ഥർ അനാവശ്യമായ രീതിയിൽ ബലപ്രയോഗം നടത്തിയത് സാഹചര്യങ്ങൾ വഷളാക്കി. മോശമായ പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് റിപ്പോർട്ടുകളുണ്ട്. സമാധാനപരമായി ഒത്തുചേരുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് എത്രയും വേഗം ക്രമസമാധാന നില പുനസ്ഥാപിക്കേണ്ടതുണ്ട്. കൂടുതൽ ആളുകളുടെ മരണം സംഭവിക്കുന്നതും, ആക്രമണം ഉണ്ടാകുന്നതും തടയേണ്ടതുണ്ടെന്നും” യുഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ അരങ്ങേറിയ കലാപത്തെക്കുറിച്ചും, പ്രതിഷേധക്കാർ നടത്തിയ കൊലപാതകങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയിൽ നിന്നുള്ള വിദഗ്ധരുടെ സംഘം അടുത്തയാഴ്ച ബംഗ്ലാദേശിലെത്തുന്നുണ്ട്. രാജ്യത്ത് വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സംഘം അന്വേഷണം നടത്തും. ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷവും രാജ്യത്ത് വീണ്ടും അക്രമസംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ജൂലൈ പകുതിക്ക് ശേഷം മാത്രം 500ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെ വിളിച്ച ശേഷമാണ് യുഎന്നിന്റെ മനുഷ്യവകാശ സംഘടനയുടെ മേധാവി വോൾക്കർ ടർക്ക് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് സർക്കാർ സമൂഹമാദ്ധ്യമം വഴി ഈ വിവരം പങ്കുവച്ചിട്ടുണ്ട്. സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ ഇവർ രാജി വയ്‌ക്കുകയും ഇന്ത്യയിലേക്ക് പലായനം ചെയ്യുകയുമായിരുന്നു.















