ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത അത്‌ലറ്റുകളുമായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച പി.ആർ.ശ്രീജേഷും തന്റെ കുടുംബാംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ശ്രീജേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം സംസാരിക്കുന്നതായി കാണാം. ഇതിനിടെയാണ് ശ്രീജേഷിന്റെ മകനായ ശ്രീയാൻഷിനോട് ” അച്ഛൻ അടിക്കാറുണ്ടോ” എന്ന ചോദ്യം പ്രധാനമന്ത്രി ചോദിക്കുന്നത്. ശ്രീജേഷിനെ ചൂണ്ടിക്കാണിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി ശ്രീയാൻഷ് തലയാട്ടുന്നതും, എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ശ്രീജേഷിന്റെ കുടുംബാംഗങ്ങൾ എല്ലാവരോടും പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ശ്രീയാൻഷിന് പ്രധാനമന്ത്രി വായിൽ മധുരം വച്ച് കൊടുക്കുന്നതായും കാണാം.
Prime Minister Narendra Modi meeting PR Sreejesh & his family after the historic Bronze medal at Paris Olympics 👏 pic.twitter.com/oV98ELbgW8
— Johns. (@CricCrazyJohns) August 16, 2024
പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിന്റെ സന്തോഷം ശ്രീജേഷും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസമെന്നാണ് ചിത്രത്തിന് ശ്രീജേഷ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. ശ്രീജേഷിന്റെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, സഹോദരൻ എന്നിവരേയും പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിൽ കാണാം.
കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ശ്രീജേഷിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കളിക്കാരനിൽ നിന്ന് പരിശീലകനിലേക്കുള്ള മാറ്റത്തിനായി മാനസികമായി തയ്യാറെടുക്കുകയാണെന്നും, ഇതിനായി മൂന്ന് മാസത്തോളം ചെലവഴിക്കുമെന്നും ശ്രീജേഷ് പറയുന്നു. ” കഠിനാധ്വാനം ചെയ്ത് മെഡൽ സ്വന്തമാക്കിയത് എനിക്ക് വേണ്ടിയല്ല, ഈ രാജ്യത്തിന് വേണ്ടിയാണ്. ഈ സന്തോഷത്തിന്റെ ഭാഗാമാകാൻ എല്ലാവരും ചേർന്ന് ഒരുക്കിയ സ്വീകരണം കേക്കിന് മുകളിലുള്ള ചെറി പോലെയാണ്. ഇപ്പോഴുള്ള സന്തോഷത്തെ അത് ഇരട്ടിയാക്കുന്നുവെന്നും” ശ്രീജേഷ് പറയുന്നു.















