വാഷിംഗ്ടൺ: കമല ഹാരിസുമായുള്ള സംവാദത്തിന്റെ മൂർച്ച കൂട്ടാൻ ഡെമോക്രാറ്റിക് നേതാവായിരുന്ന തുളസി ഗബ്ബാർഡിന്റെ സഹായം ഡൊണാൾഡ് ട്രംപ് തേടിയതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് കോൺഗ്രസ് വുമണിയിരുന്ന തുളസിയുമായി, ട്രംപ് ചർച്ചകൾ നടത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സെപ്തംബർ 10-ന് എബിസി ന്യൂസ് സംഘടിപ്പിക്കുന്ന സംവാദത്തിൽ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ആദ്യമായി ഏറ്റുമുട്ടും.
ആദ്യ ഡിബേറ്റിന് ട്രംപ് തുളസിയുടെ സഹായം തേടിയോ എന്ന ചോദ്യത്തിന് അങ്ങനെ ആരുടെ കയ്യിൽനിന്നും സൂചനകൾ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ട്രംപ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞു. എന്നാൽ ഇരുവരും തമ്മിലുള്ള ചർച്ച വെറുതെയല്ലെന്നാണ് സൂചന.
നാല് തവണ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കോൺഗ്രസ് വുമണായി തിരഞ്ഞെടുക്കപ്പെട്ട തുളസി, 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് തുളസി. 2019 ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിൽ ഡിബേറ്റ് വേളകളിൽ കമല ഹാരിസിനെക്കാൾ നന്നായി ശോഭിച്ചത് ഗബ്ബാർഡ് ആയിരുന്നു. ഇതിന് പിന്നാലെ സംഭാവകളുമായി ബന്ധപ്പെട്ട് ഇവർ പാർട്ടി വിട്ടു. അതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടി നേതാക്കളിൽ നിന്ന്, പ്രത്യേകിച്ച് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് ഹാരിസുമായും അകന്നു നിൽക്കുകയാണ് ഗബ്ബാർഡ്.
യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുളസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്.