തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കെസിഎ മുൻ പരിശീലകൻ എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിലാണ് കുറ്റപത്രം. പോക്‌സോ കേസും ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിവാദം ഉയർന്നതിന് പിന്നാലെ ഇയാളെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.
പരിശീലനത്തിനെത്തുന്ന പെൺകുട്ടികളെ ഇയാൾ വർഷങ്ങളായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കൾ കെസിഎയ്‌ക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. മനുവിനെതിരെ 6 കേസുകളാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നത്.
പിന്നാലെ ഇയാൾ സംസ്ഥാനം വിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് 4 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്തിരുന്നതായും ഇതുപയോഗിച്ച് മനു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ ഇയാൾ റിമാൻഡിൽ കഴിയുകയാണ്.
ടീമിൽ സ്ഥാനം ഉറപ്പാക്കാമെന്ന് ഉൾപ്പെടെ വാഗ്ദാനം നൽകിയാണ് പരിശീലനത്തിനിടെ ഇയാൾ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നത്. ഇതിൽ ഒരു പെൺകുട്ടി പരാതി നൽകിയതോടെ കൂടുതൽ കുട്ടികൾ രംഗത്തെത്തുകയായിരുന്നു.















