തിരുവനന്തപുരം: കോളേജിൽ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അദ്ധ്യാപകനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ. തിരുവനന്തപുരം ചെമ്പഴന്തി കോളേജ് അദ്ധ്യാപകൻ ഡോ. ബൈജുവിനെയാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തത്. മാനസികാഘാതത്തിൽ നിന്നും ഇനിയും പുറത്തുവരാൻ സാധിച്ചിട്ടില്ലെന്ന് ബൈജു പറഞ്ഞു. ഇടതു സംഘടനാ അംഗമാണ് ബൈജു.
ശ്രീകാര്യം എൻജിനീയർ കോളേജ് വിദ്യാർത്ഥിനി വാഹനം ഇടിച്ച് മരിച്ചതോടെ കാമ്പസുകളിലേക്ക് ബൈക്ക് കൊണ്ടുവരരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുണ്ട്. ഇത് പാലിക്കാതെയാണ് നാല് വിദ്യാർത്ഥികൾ ബൈക്കുമായി കോളേജിലേക്കെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബൈജു, വിദ്യാർത്ഥികളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രകോപിതരായ വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് മറ്റ് അദ്ധ്യാപകരെത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.
എന്നാൽ സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ പൊലീസിന് വ്യാജ പരാതി നൽകുകയായിരുന്നു. ഇതോടെ ബൈജുവും, പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അദ്ധ്യാപകനെ ഡിവൈഎഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്യുന്നതായി കണ്ടെത്തി. പ്രശ്നം ഒത്തുതീർപ്പാക്കാൻ സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ചങ്കിലും പരാതിയുമായി മുന്നോട്ടു പോകുമെന്ന് ബൈജു പറഞ്ഞു.