സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ജനപ്രിയ ചിത്രം യഥാർത്ഥത്തിൽ 2018 ആയിരുന്നില്ലേയെന്ന ചർച്ചകളാണ് പ്രധാനമായും ഉയരുന്നത്. സിനിമയെ മനഃപൂർവം തഴഞ്ഞതാണെന്നുള്ള
ആരോപണങ്ങളും ശക്തമാണ്.
2018 സിനിമയിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ച് വേണ്ടത്ര പ്രതിപാദിച്ചില്ലെന്ന് ചിത്രത്തിനെതിരെ വിമർശനം ഉണ്ടായിരുന്നതിനാൽ ഇതേ കാരണത്താൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തഴഞ്ഞുവെന്നാണ് പുതിയ ചർച്ച. ഓസ്കാർ എൻട്രി അടക്കം കിട്ടിയ ചിത്രമായിരുന്ന 2018നെ ജൂറി മനഃപൂർവ്വം തഴഞ്ഞുവെന്നാണ് പ്രധാന വിമർശനം. സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി 2018 സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളിയും രംഗത്ത് വന്നിരുന്നു.
“എന്തിലുമേതിലും വർഗീയതയും രാഷ്‌ട്രീയവും മാത്രം കാണുന്ന തമ്പ്രാക്കളുടെ പകയിൽ , മോഹങ്ങൾ മോഹഭംഗങ്ങളായും, സ്വപ്നങ്ങൾ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകൾ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോൾ , നിരാശയുടെ തേരിലേറി വിധിയെ പഴിക്കാതെ, പകയേതുമില്ലാത്ത ആരോവരുന്നൊരു സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ എന്തു പറയാൻ…… (അല്ല പിന്നെ)“ – ഇതായിരുന്നു വേണു കുന്നപ്പള്ളിയുടെ പ്രതികരണം. പോസ്റ്റിന് കമന്റുമായി 2018ന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫും എത്തിയിരുന്നു. ഇടത്തോട്ട് ചെരിഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയ ചിലരെ എനിക്കറിയാം എന്നായിരുന്നു ജൂഡ് പറഞ്ഞത്.
2023ലെ ചിത്രങ്ങളെയായിരുന്നു 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിച്ചത്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ആടുജീവിതത്തിനായിരുന്നു. എന്നാൽ 2024ൽ തീയേറ്റർ റിലീസ് ചെയ്ത് ജനങ്ങളിലേക്ക് എത്തിയ ആടുജീവിതത്തിന് 2023ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കൊടുത്തതിലെ ശരികേടാണ് പലരും ചോദ്യം ചെയ്തത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാതലിനായിരുന്നു. എന്നാൽ മികച്ച ചിത്രമെന്ന പുരസ്കാരമായിരുന്നു ആടുജീവിതത്തിന് വേണ്ടിയിരുന്നത് എന്നും ജനപ്രിയ ചിത്രമെന്നത് ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രമായ, 2023ൽ ജനങ്ങളെ തീയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ പ്രേരിപ്പിച്ച, 2018ന് നൽകണമായിരുന്നുവെന്നാണ് പൊതുവെയുള്ള ചർച്ചകൾ.















