മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രേക്ഷകരുടെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് ഒക്ടോബർ മൂന്നിനാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് തീയതി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
മലയാള സിനിമാ ലോകത്ത് ഹിറ്റുകൾ വാരിക്കൂട്ടിയ നടന്റെ സംവിധാന മികവ് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രഹസ്യങ്ങൾ വെളിപ്പെടുത്താൻ വരുന്നുവെന്നും സാഹസികത കാണാനായി നിങ്ങളുടെ കലണ്ടറുകളിൽ ഒക്ടോബർ 3 അടയാളപ്പെടുത്തണമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ബറോസിന്റെ പുതിയ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിയുന്ന ആ ദിവസം, എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തിൽ അടയാളപ്പെടുത്തി കഴിഞ്ഞുവെന്നും സ്ക്രീനിൽ സംവിധാനം മോഹൻലാൽ എന്ന് എഴുതിയിരിക്കുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നും ആരാധകർ കമൻ്റ് ബോക്സിൽ പറഞ്ഞു.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബറോസിന്റെ അനിമേറ്റഡ് വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബറോസിന്റെ വരവറിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കാൻ തുടങ്ങിയിട്ടുണ്ട്.