മുംബൈ: മമ്മൂട്ടിയെ പോലെ ഒരു മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശക്തി തനിക്കില്ലെന്ന് കന്നട താരം ഋഷഭ് ഷെട്ടി. മമ്മൂട്ടി ഇതിഹാസമാണെന്നും ദേശീയ പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ വിശ്വസിച്ചിരുന്നില്ലെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. ദേശീയ പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ജൂറിയുടെ മുമ്പിലുള്ളത് ഏതൊക്കെ സിനിമകളാണെന്ന കാര്യവും എനിക്ക് അറിയില്ല. മമ്മൂട്ടി സാർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെ പോലുള്ള ഒരു മഹാനടന്റെ മുമ്പിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. ഇതിഹാസ താരങ്ങളോടൊപ്പം മത്സരിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്”.
“എനിക്കാണ് അവാർഡ് എന്ന് പലരും പറഞ്ഞിരുന്നു. എന്നാലും വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ഞാൻ അത് വിശ്വസിച്ചിരുന്നില്ല. വിവരം അറിഞ്ഞ് ആദ്യം അഭിനന്ദിച്ചത് എന്റെ ഭാര്യയാണ്. കാന്താരയിലെ കഥാപാത്രത്തെയും സിനിമയെയും ജൂറിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാകാം. അതിന് അവർക്ക് കാരണങ്ങളുണ്ടായിരിക്കാം”എന്നും ഋഷഭ് ഷെട്ടി പറഞ്ഞു.















