ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ മങ്കി പോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുപിന്നാലെ ആരോഗ്യമന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കേന്ദ്രം. അയൽരാജ്യമായ പാകിസ്താനിലും മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികളും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈക്കൊണ്ട മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി യോഗം ചേർന്നത്.
ഇന്ത്യയിൽ ഇതുവരെ മങ്കി പോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതീവ ജാഗ്രതവേണ്ട സ്ഥലങ്ങളിൽ കൈക്കൊണ്ട നടപടികൾ വിശകലനം ചെയ്തു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഗ്രൗണ്ട് ക്രോസ്സിംഗുകൾ എന്നിവിടങ്ങളിൽ ടെസ്റ്റിങ് ലബോറട്ടറികൾ സജ്ജമാക്കിയിട്ടുണ്ട്. കേസുകൾ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ ബോധവൽക്കരണം മുതലായവയും യോഗത്തിൽ ചർച്ചയായി.
മങ്കി പോക്സ് രോഗബാധ സാധാരണയായി 2 മുതൽ 3 ആഴ്ച വരെ നീണ്ടുനിന്നശേഷം രോഗതീവ്രത സ്വയം കുറയുന്ന രീതിയാണ് കണ്ടുവരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ പരിചരണത്തിൽ രോഗികൾ സുഖം പ്രാപിക്കുന്നു. രോഗബാധിതരുമായി നീണ്ട നേരമുള്ള സമ്പർക്കം, ശരീര സ്രവങ്ങൾ, രോഗ ബാധിതരുടെ വസ്ത്രങ്ങളുമായി സമ്പർക്കത്തിൽ വരിക എന്നീ സാഹചര്യങ്ങളിലൂടെയാണ് മങ്കി പോക്സ് പകരുന്നത്. 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.















